ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ അക്രമങ്ങള്‍ക്ക് പരസ്യമായി ആഹ്വാനം നല്‍കി പ്രകോപനപരമായി പ്രസംഗിച്ച സംഭവത്തില്‍ ബിജെപി നേതാക്കള്‍ക്കെതിരായ ഹര്‍ജി ഡല്‍ഹി ഹൈക്കോടതി ചീഫ് ജസ്റ്റിസ് നാളെ പരിഗണിക്കും. ജസ്റ്റിസ് മുരളീധറിന്റെ ബെഞ്ചില്‍നിന്നു മാറ്റിയാണ് ഡല്‍ഹി ഹൈക്കോടതി ചീഫ് ജസ്റ്റിസ് ഹര്‍ജി പരിഗണിക്കുക. കേസില്‍ ഇന്നു വാദം കേട്ടത് ജസ്റ്റിസ് മുരളീധറിന്റെ നേതൃത്വത്തിലുള്ള ബെഞ്ചായിരുന്നു. വിദ്വേഷ പ്രസംഗം നടത്തിയ നേതാക്കള്‍ക്കെതിരെ കേസെടുക്കാന്‍ മുരളീധര്‍ നിര്‍ദേശിച്ചിരുന്നു. ഇതിനുപിന്നാലെയാണ് കേസ് ചീഫ് ജസ്റ്റിസ് മുന്‍പാകെ ലിസ്റ്റ് ചെയ്തത്.
പ്രകോപനപരമായി പ്രസംഗിച്ച കപില്‍ മിശ്ര, അനുരാഗ് ഠാക്കൂര്‍, പര്‍വേശ് വര്‍മ, അഭയ് വര്‍മ എന്നിവര്‍ക്കെതിരേ എഫ് ഐ ആര്‍ റജിസ്റ്റര്‍ ചെയ്യാനാണ് ഡല്‍ഹി ഹൈക്കോടതി ബുധനാഴ്ച ഉത്തരവിട്ടത്. രാജ്യത്ത് ‘1984’ ആവര്‍ത്തിക്കാന്‍ അനുവദിക്കില്ലെന്നും സംഘര്‍ഷ ബാധിതര്‍ക്കു വേണ്ട സഹായങ്ങള്‍ നല്‍കണമെന്നും കോടതി ആവശ്യപ്പെട്ടു. പൊലീസിനെ നിശിതമായി വിമര്‍ശിച്ച കോടതി, അക്രമികള്‍ക്കെതിരെ നടപടി വൈകരുതെന്നും ഉത്തരവിട്ടു.