രണ്ട് അതിര്‍ത്തി റോഡുകള്‍ തുറക്കാം;മംഗലാപുരം അതിര്‍ത്തി തുറക്കാനാവില്ലെന്ന് കര്‍ണാടകം

കൊച്ചി: കൊവിഡിന്റെ പശ്ചാത്തലത്തില്‍ അടച്ച കേരളത്തിലേക്കുളള രണ്ട് അതിര്‍ത്തി റോഡുകള്‍ തുറക്കാമെന്ന് കര്‍ണാടക സര്‍ക്കാര്‍ കേരളാ ഹൈക്കോടതിയില്‍. വയനാട്, കണ്ണൂര്‍ അതിര്‍ത്തികള്‍ തുറക്കാമെന്നാണ് അറിയിച്ചിരിക്കുന്നത്.

എന്നാല്‍ മംഗലാപുരത്തെ കേരള അതിര്‍ത്തി റോഡ് തുറന്നു നല്‍കാനാവില്ലെന്ന നിലപാടില്‍ ഉറച്ച് നില്‍ക്കുകയാണ് കര്‍ണാടകം.
കാസര്‍കോട് ജില്ലയില്‍ കോവിഡ് 19 പടര്‍ന്നു പിടിച്ച സാഹചര്യത്തില്‍ അത് കര്‍ണാടകയിലേക്ക് വ്യാപിക്കാതെ ശ്രദ്ധിക്കേണ്ടതിനാലാണ് ഇതെന്നാണ് കര്‍ണാടകയുടെ വാദം. കര്‍ണാടകയുടെ നിലപാടില്‍ അതൃപ്തി രേഖപ്പെടുത്തിയ ഹൈക്കോടതി അതിര്‍ത്തി റോഡുകള്‍ അടച്ചിടരുതെന്ന കേന്ദ്ര നിര്‍ദേശം പാലിക്കാന്‍ കര്‍ണാടകത്തിന് ബാധ്യതയുണ്ടെന്ന് അറിയിച്ചു.

കോവിഡ് 19 ലോക്ഡൗണ്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ കേരള കര്‍ണാടക അതിര്‍ത്തി റോഡുകള്‍ മണ്ണിട്ടടച്ച നടപടി ചോദ്യം ചെയ്തുളള പൊതു താല്‍പര്യ ഹര്‍ജിയാണ് ഹൈക്കോടതി വീഡിയോ കോണ്‍ഫറന്‍സിങ്ങിലൂടെ പരിഗണിച്ചത്.

നിലവില്‍ വയനാട് അതിര്‍ത്തിയുമായി ബന്ധിപ്പിക്കുന്ന സുല്‍ത്താന്‍ ബത്തേരി -ഗുണ്ടല്‍ പെട്ട്, മാനന്തവാടി -സര്‍ഗുര്‍ -മൈസൂര്‍ റോഡുകള്‍ ആണ് തുറന്നിട്ടുള്ളത്. ഇരിട്ടി-കൂട്ടുപുഴ -കൂര്‍ഗ്-മൈസൂര്‍ റോഡ് തുറക്കുന്ന കാര്യം കണ്ണൂര്‍ കലക്ടര്‍ കത്ത് നല്‍കിയാല്‍ പരിഗണിക്കുമെന്നും നിലവിലെ സാഹചര്യത്തില്‍ കാസര്‍കോട് മംഗലാപുരം അതിര്‍ത്തിയിലെ റോഡുകള്‍ തുറക്കാനാകില്ലെന്നും കര്‍ണാടക സര്‍ക്കാരിന് വേണ്ടി വീഡിയോ കോണ്‍ഫറന്‍സിലൂടെ ഹാജരായ അഡ്വക്കറ്റ് ജനറല്‍ കേസ് പരിഗണിച്ച ഡിവിഷന്‍ ബെഞ്ചിനെ അറിയിച്ചിരിക്കുന്നത്.

രോഗികളുമായെത്തുന്ന ആംബുലന്‍സുകളെ എങ്കിലും കടത്തിവിടുന്നത് പരിഗണിക്കണമെന്ന് ഡിവിഷന്‍ ബെഞ്ച് ആവശ്യപ്പെട്ടിട്ടുണ്ട്.
കേരളത്തില്‍ നിന്നു അടിയന്തര ചികിത്സ ആവശ്യമായ രോഗികളെ പരിശോധിക്കാന്‍ സാധിക്കുന്ന മംഗലാപുരത്തെ രണ്ടു ആശുപത്രികള്‍ ഏതൊക്കെയെന്ന് അറിയിക്കണമെന്നും കര്‍ണാടകയ്ക്ക് ഹൈക്കോടതി നിര്‍ദേശം നല്‍കിയിട്ടുണ്ട്.

Top