മേഘങ്ങള്‍ പോലും തടസ്സമല്ലാത്ത ചാരഉപഗ്രഹവുമായി അമേരിക്ക

മേല്‍ക്കൂരകള്‍ പോലും തടസ്സമാകാതെ കൃത്യമായി ചിത്രങ്ങള്‍ എടുക്കാന്‍ കഴിയുന്ന ചാരഉപഗ്രഹവുമായി അമേരിക്ക.ആകാശത്തു നിന്നും മേഘങ്ങള്‍ക്കിടയിലൂടെ വ്യക്തമായി ചിത്രങ്ങളെടുക്കാന്‍ കാപെല്ല 2 എന്ന ഈ ഉപഗ്രഹത്തിനു കഴിയും. കാപെല്ല സ്പേസ് എന്ന അമേരിക്കന്‍ സ്വകാര്യ ബഹിരാകാശ കമ്പനിയാണ് ഈ സാങ്കേതിക വിദ്യയ്ക്ക് പിന്നില്‍. ഭൂമിയില്‍ എവിടേക്കും ആവശ്യമെങ്കില്‍ ഇവയുടെ സേവനം വ്യാപിപ്പിക്കാന്‍ കാപെല്ല 2വിനാകും.

ശക്തിയേറിയ റേഡിയോ സിഗ്‌നലുകള്‍ ഉപയോഗിക്കുന്ന സിന്തറ്റിക് അപേച്ചര്‍ റഡാര്‍ (എസ്എആര്‍) സാങ്കേതികവിദ്യയാണ് ഇതില്‍ ഉപയോഗിക്കുന്നത്. സെല്‍ഫോണ്‍, വൈ-ഫൈ സിഗ്‌നലുകള്‍ പോലെ ഏത് ചുമരുകള്‍ക്ക് അപ്പുത്തേക്കും സഞ്ചരിക്കാന്‍ ഈ റേഡിയോ സിഗ്‌നലുകള്‍ക്ക് സാധിക്കും. അതേസമയം, ഉറവിടത്തില്‍ നിന്നും ദൂരത്തേക്ക് പോകും തോറും ഇവയുടെ ശേഷി കുറഞ്ഞു വരികയും ചെയ്യും. വ്യക്തികളെ നിരീക്ഷിക്കുന്നതിന് ഈ സാങ്കേതികവിദ്യ ഉപയോഗിക്കില്ലെന്നും കമ്പനി പറയുന്നുണ്ട്.

സാധാരണ സാറ്റലൈറ്റുകള്‍ക്ക് മേഘങ്ങള്‍ തുളച്ച് ചിത്രങ്ങളെടുക്കാനുള്ള ശേഷിയില്ല. എന്നാല്‍ കാപെല്ല 2വിന് എത്ര ശക്തമായ മേഘപടലങ്ങള്‍ക്കും അപ്പുറത്തെ കാഴ്ച്ചകള്‍ വ്യക്തമായി പകര്‍ത്താനാകും. തങ്ങളുടെ സേവനങ്ങള്‍ സ്വകാര്യ കമ്പനികള്‍ക്കും സര്‍ക്കാരുകള്‍ക്കും കാപ്പെല്ല സ്പേസ് വാഗ്ദാനം ചെയ്യുന്നുണ്ട്. അമേരിക്കന്‍ വ്യോമസേന അടക്കമുള്ളവര്‍ ഈ സേവനം പ്രയോജനപ്പെടുത്തുന്നുണ്ട്.

400 മീറ്റര്‍ നീളമുള്ള കേബിളും 100 ഇലക്ട്രോണിക് ബോര്‍ഡുകളും കാപ്പെല്ല 2 ല്‍ ഉപയോഗിച്ചിട്ടുണ്ട്. സി, പൈത്തണ്‍, എഫ്പിജിഎ തുടങ്ങിയ കംപ്യൂട്ടര്‍ പ്രോഗ്രാമിങ് ഭാഷകളിലായി 8.50 ലക്ഷം വരി കോഡുകളാണ് ഈ ചാര ഉപഗ്രഹത്തിനായി എഴുതിച്ചേര്‍ത്തിട്ടുള്ളത്.

Top