വാഷിംഗ്ടണ്‍: ക്യാപിറ്റോള്‍ കലാപത്തില്‍ കര്‍ശന നടപടികളുമായി അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡണ്‍. ആക്രമണത്തില്‍ കര്‍ശന അന്വേഷണമാണ് പ്രഖ്യാപിച്ചിരിക്കുന്നത്. രാജ്യത്ത് ആഭ്യന്തര കലാപം സൃഷ്ടിക്കാന്‍ സാധ്യതയുള്ള ആശയങ്ങളുടെ പ്രചരണം നടക്കുന്നുണ്ടോയെന്ന് വിശദമായി അന്വേഷിക്കാനാണ് ഇന്റലിജന്‍സ് ഏജന്‍സികള്‍ക്കും പൊലീസിനും ജോ ബൈഡന്‍ നിര്‍ദേശം നല്‍കിയിരിക്കുന്നത്.
‘വസ്തുതാപരമായ വിലയിരുത്തലുകളാണ് നമുക്ക് ആവശ്യം. ഇത്തരം വിലയിരുത്തലുകളുടെ അടിസ്ഥാനത്തിലേ നമുക്ക് നയങ്ങള്‍ രൂപീകരിക്കാന്‍ കഴിയൂ.’ വൈറ്റ് ഹൗസ് സെക്രട്ടറി ജെന്‍ സാകി മാധ്യമങ്ങളോട് പറഞ്ഞു. എഫ്.ബി.ഐയുടെയും ഹോംലാന്റ് സെക്യൂരിറ്റിയുടെയും സഹകരണത്തോടെ നാഷണല്‍ ഇന്റലിജന്‍സ് ഡയറക്ടര്‍ക്കാണ് അന്വേഷണ ചുമതലയെന്നും ജെന്‍ സാകി അറിയിച്ചു.
ആഭ്യന്തര കലാപ ഭീഷണികള്‍ അന്വേഷിച്ച് കണ്ടെത്തുന്നതിനും വിലയിരുത്തുന്നിതിനും പുറമെ ഇത്തരം തീവ്ര ഗ്രൂപ്പുകളെ നേരിടാന്‍ ഉദ്യോഗസ്ഥര്‍ക്ക് പ്രത്യേക പരിശീലനം നല്‍കാനും സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. സംസ്ഥാനങ്ങള്‍ക്ക് ഇത്തരം ഗ്രൂപ്പുകളെ കുറിച്ചുള്ള വിവരങ്ങള്‍ നേരത്തെ തന്നെ കൈമാറാന്‍ സാധിക്കും വിധം നയങ്ങളില്‍ മാറ്റം വരുത്താനും സര്‍ക്കാര്‍ തീരുമാനിച്ചു.
വളര്‍ന്നുവരുന്ന അക്രമാസക്തരായ തീവ്ര ഗ്രൂപ്പുകള്‍ രാജ്യസുരക്ഷക്ക് ഭീഷണിയാണെന്നത് ക്യാപിറ്റോള്‍ ആക്രമണം അടിവരിയിട്ടു കാണിച്ചു തന്നുവെന്നും ജെന്‍ സാകി കൂട്ടിച്ചേര്‍ത്തു. അതേസമയം ഭരണഘടന അനുവദിക്കുന്ന അഭിപ്രായസ്വാതന്ത്ര്യത്തിനോ രാഷ്ട്രീയ പ്രവര്‍ത്തനത്തെയും ബഹുമാനിച്ചു കൊണ്ടു തന്നെയായിരിക്കും പുതിയ നയങ്ങള്‍ നടപ്പിലാക്കുകയുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
തീവ്ര നിലപാടുകളുള്ളവര്‍ ജനങ്ങളെ അക്രമത്തിനായി പ്രേരിപ്പിക്കുന്നത് രാജ്യസുരക്ഷക്ക് ഭീഷണിയാണെന്ന പൊലീസിന്റെ നിരീക്ഷണങ്ങളെ ശരിവെക്കുന്നതാണ് സര്‍ക്കാരിന്റെ പുതിയ പ്രസ്താവനകള്‍.