പഞ്ചാബ് കോട്ടകാത്തതോടെ കോണ്‍ഗ്രസില്‍ കിങായി ക്യാപ്റ്റന്‍ അമരീന്ദര്‍സിങ്. മധ്യപ്രദേശ് ,രാജസ്ഥാന്‍ മുഖ്യമന്ത്രിമാര്‍ തികഞ്ഞ പരാജയമായപ്പോള്‍ ഈ പഞ്ചാബ് മുഖ്യമന്ത്രി മാത്രമാണ് കോണ്‍ഗ്രസിന്റെ മാനം കാത്തത്. മോദി തരംഗത്തില്‍ കേരളവും പഞ്ചാബും ഒഴികെയുള്ള എല്ലായിടത്തും കോണ്‍ഗ്രസ് കടപുഴകിയാണ് വീണത്. പഞ്ചാബില്‍ വന്‍ മതില്‍ തീര്‍ത്താണ് അമരീന്ദര്‍ സിങ് കോണ്‍ഗ്രസിന്റെ രക്ഷകനായത്.
കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി നെഹ്‌റു കുടുംബത്തിന്റെ പരമ്പരാഗത മണ്ഡലമായ അമേഠിയില്‍ പരാജയപ്പെട്ടപ്പോഴാണ് മോദി പ്രഭാവത്തെ തടഞ്ഞ് അമരീന്ദര്‍ പഞ്ചാബില്‍ കോണ്‍ഗ്രസിന്റെ രക്ഷകനായത്. ഇന്ദിരാഗാന്ധിയുടെ വധത്തെ തുടര്‍ന്നുണ്ടായ സിക്ക് കൂട്ടക്കൊല പോലും പ്രചരണായുധമാക്കി പഞ്ചാബ് പിടിക്കാനുള്ള മോദിയുടെ നീക്കത്തെ നെഞ്ചുറപ്പോടെ നേരിട്ടാണ് പട്യാല രാജാവായിരുന്ന യാദവേന്ദ്ര സിങിന്റെ മകന്‍ അമരീന്ദര്‍ സിങ് വിജയം കണ്ടത്. പഞ്ചാബിലെ 13 സീറ്റില്‍ എട്ടും പിടിച്ചെടുക്കാന്‍ കോണ്‍ഗ്രസിനായി.
ബാലക്കോട്ട് മിന്നലാക്രമണം പ്രചരണായുധമാക്കി തീവ്രദേശീയത ആളിക്കത്തിച്ചിട്ടും പാക്കിസ്ഥാനുമായി അതിര്‍ത്തിപങ്കിടുന്ന പഞ്ചാബില്‍ അത് ഏശാതിരുന്നത് ,മുന്‍ കരസേന ക്യാപ്റ്റനായ അമരീന്ദര്‍ സിങിന്റെ കഴിവ് കൊണ്ടാണ്. മോദി മിന്നലാക്രമണത്തിന്റെ മേനി പറയുമ്പോള്‍ പാക്കിസ്ഥാനെതിരെ യുദ്ധം ചെയ്ത് വിജയിച്ച ചരിത്രമാണ് അമരീന്ദര്‍ സിങ് പറഞ്ഞത്.
1965ലെ ഇന്ത്യാ- പാക് യുദ്ധത്തില്‍ സിഖ് റെജിമെന്റിന്റെ ക്യാപ്റ്റനായിരുന്നു അമരീന്ദര്‍ സിങ്. ശരിക്കും ഒരു ‘പോരാളി’. മോദിയും അമിത്ഷായും ബാലാകോട്ട് പറഞ്ഞ് ദേശീയവികാരം ആളിക്കത്തിക്കാന്‍ പഠിച്ച പണി പതിനെട്ടും പയറ്റിയിട്ടും പഞ്ചാബില്‍ അത് ഏശാതെ പോയത് അമരീന്ദറിന്റെ പ്രഭാവം ഒന്നുകൊണ്ട് മാത്രമാണ്.
പഞ്ചാബിനൊപ്പം കോണ്‍ഗ്രസ് ഭരിക്കുന്ന രാജസ്ഥാനിലും മധ്യപ്രദേശിലും ഛത്തീസ്ഗഡിലും കോണ്‍ഗ്രസ് തകര്‍ന്നടിഞ്ഞപ്പോഴാണ് പഞ്ചാബില്‍ അഭിമാന വിജയം നേടാനായത്. രാജസ്ഥാനില്‍ 25 സീറ്റില്‍ 25ഉം മധ്യപ്രദേശില്‍ 29തില്‍ 27ഉം ചത്തീസ്ഗഡില്‍ 11ല്‍ ഒമ്പത് സീറ്റും നേടിയായിരുന്നു ബി.ജെ.പി വിജയ കൊടി പാറിച്ചിരുന്നത്.
കുടുംബവാഴ്ചക്കെതിരെ ബി.ജെ.പി പ്രചരണം രാജ്യത്താകെ വിജയം കണ്ടപ്പോഴും പട്യാലയില്‍ നിന്നും ഭാര്യ പ്രണീത് കൗറിനെ നാലാം തവണയും പാര്‍ലമെന്റിലേക്കയക്കാന്‍ അമരീന്ദറിനു കഴിഞ്ഞു. 1,62,718 വോട്ടിന്റെ റെക്കോര്‍ഡ് ഭൂരിപക്ഷത്തിനാണ് അകാലിദള്‍- ബി.ജെ.പി സഖ്യത്തിന്റെ സുര്‍ജിത് സിങ് റാഖ്രയെ പ്രണീത് പരാജയപ്പെടുത്തിയത്.
2014ല്‍ മോദി തരംഗം ആഞ്ഞടിച്ചിട്ടും ഡല്‍ഹിയില്‍ നിന്നെത്തിയ ആം ആദ്മി പാര്‍ട്ടിക്കൊപ്പമായിരുന്നു പഞ്ചാബ്. അന്ന് കോണ്‍ഗ്രസിനെ പിന്നിലാക്കി ആം ആദ്മി നാല് സീറ്റുകള്‍ നേടി. അകാലിദളിന് നാലും ബി.ജെ.പിക്ക് രണ്ടും സീറ്റുകളും ലഭിച്ചു. കോണ്‍ഗ്രസാവട്ടെ മൂന്ന് സീറ്റില്‍ ഒതുങ്ങി. ഇത്തവണ പഞ്ചാബില്‍ കോണ്‍ഗ്രസുമായി സഖ്യത്തിന് ആംആദ്മി പാര്‍ട്ടി എത്തിയെങ്കിലും അമരീന്ദര്‍ തയ്യാറായിരുന്നില്ല. അകാലിദള്‍- ബി.ജെ.പി സഖ്യത്തിനെതിരെ തനിച്ചു പോരാടാനുള്ള തീരുമാനമാണ് അമരീന്ദര്‍ സ്വീകരിച്ചത്.
ഇത്തവണ എട്ട് സീറ്റ് ലഭിച്ചെങ്കിലും കോണ്‍ഗ്രസിന്റെ വിജയത്തില്‍ അമരീന്ദര്‍ തൃപ്തനല്ല. നഗരങ്ങളില്‍ പാര്‍ട്ടിയുടെ പ്രവര്‍ത്തനം പോരെന്ന നിലപാടാണ് അമരീന്ദറിന്. തദ്ദേശ സ്ഥാപനങ്ങളുടെ ചുമതലയുള്ള മന്ത്രി സ്ഥാനത്തുനിന്നും മുന്‍ ക്രിക്കറ്റ് താരം നവജ്യോത് സിങ് സിദ്ദുവിനെ മാറ്റണമെന്ന നിര്‍ദ്ദേശവും അദ്ദേഹം മുന്നോട്ടുവെച്ചു കഴിഞ്ഞു. സിദ്ദുവിന്റെ ഭാര്യക്ക് ഇത്തവണ സീറ്റ് നല്‍കിയിരുന്നില്ല. ഇതില്‍ പ്രതിഷേധിച്ച് പഞ്ചാബിലെ പ്രചരണത്തില്‍ നിന്നും സിദ്ദു വിട്ടു നിന്നിരുന്നു. സിദ്ദു ഇടഞ്ഞിട്ടും അമരീന്ദര്‍ കുലുങ്ങിയിരുന്നില്ല. ബി.ജെ.പിയില്‍ നിന്നും കോണ്‍ഗ്രസിലേക്ക് ചേക്കേറിയ നേതാവാണ് സിദ്ദു.
മോദിയുടെ കടുത്ത വിമര്‍ശകനായി കോണ്‍ഗ്രസിലെത്തിയ സിദ്ദുവിനെ നിയമസഭയില്‍ വിജയിപ്പിച്ച് മന്ത്രിയാക്കിയെങ്കിലും മുഖ്യമന്ത്രി സ്ഥാനത്തിലാണ് അദ്ദേഹം കണ്ണുവെക്കുന്നത്. എന്നാല്‍ ഇനി പഞ്ചാബില്‍ കോണ്‍ഗ്രസിനെ വിജയിപ്പിച്ച അമരീന്ദര്‍സിങിന് മുന്നില്‍ കോണ്‍ഗ്രസ് ഹൈക്കമാന്റിനും മുട്ടുവിറയ്ക്കും. അമരീന്ദറിനെ പിണക്കി സിദ്ദുവിനുവേണ്ടി വാദിക്കാന്‍ ഇനി രാഹുല്‍ഗാന്ധിക്ക് പോലും കഴിയില്ല.
Political Reporter