ക്യാപ്റ്റന്‍ മില്ലറിന്റെ കഥ മോഷ്ടിച്ചത് ; ആരോപണവുമായി നടനും എഴുത്തുകാരനുമായ വേല രാമമൂര്‍ത്തി

നുഷ് ചിത്രം ക്യാപ്റ്റന്‍ മില്ലറിന്റെ കഥ മോഷ്ടിച്ചതെന്ന് നടനും എഴുത്തുകാരനുമായ വേല രാമമൂര്‍ത്തി. വേല രാമമൂര്‍ത്തിയുടെ ‘പട്ടത്തു യാനൈ’ എന്ന നോവല്‍ മോഷ്ടിച്ചാണ് അരുണ്‍ മതേശ്വരന്‍ സിനിമയൊരുക്കിയത് എന്നാണ് ആരോപണം. സംവിധായകന്‍ അരുണ്‍ മതേശ്വരനും മദന്‍ കാര്‍ത്തിയും ചേര്‍ന്നാണ് ക്യാപ്റ്റന്‍ മില്ലറിന് തിരക്കഥ ഒരുക്കിയത്. ദക്ഷിണേന്ത്യന്‍ ഫിലിം റൈറ്റേഴ്സ് അസോസിയേഷനില്‍ താന്‍ ഈ കഥ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും അത് ക്യാപ്റ്റന്‍ മില്ലറിനായി ഉപയോഗിച്ചുവെന്നുമാണ് വേല രാമമൂര്‍ത്തി അവകാശപ്പെടുന്നത്.

‘ക്യാപ്റ്റന്‍ മില്ലറിന്റെ കഥ എന്റെ നോവലിനെ അടിസ്ഥാനമാക്കിയുള്ളതാണെന്ന് കേട്ടു. ബ്രിട്ടീഷ് പട്ടാളത്തില്‍ ചേരുകയും പിന്നീട് സ്വാതന്ത്ര്യ സമരത്തില്‍ പങ്കെടുക്കുകയും ചെയ്യുന്ന ഒരാളുടെ കഥയാണ് എന്റെ നോവലിന് അടിസ്ഥാനം. സൗത്ത് ഇന്ത്യന്‍ ഫിലിം റൈറ്റേഴ്സ് അസോസിയേഷനില്‍ ഞാന്‍ ഈ കഥ രജിസ്റ്റര്‍ ചെയ്തിരുന്നു. പക്ഷേ, അവരത് അല്പം തിരുത്തോടെ ‘ക്യാപ്റ്റന്‍ മില്ലര്‍’ ആക്കിയെന്നാണ് തോന്നുന്നത്. അവര്‍ക്ക് എന്റെ അനുവാദം ചോദിച്ച് സിനിമയെടുക്കാമായിരുന്നു,’ വേല രാമമൂര്‍ത്തി പറഞ്ഞു. സിനിമാ വ്യവസായത്തില്‍ മോഷണം പതിവായി നടക്കുന്നുണ്ടെന്നും അത് ഒരു സൃഷ്ടാവെന്ന നിലയില്‍ വേദനിപ്പിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ജീവിതം തന്നെ മാറ്റിമറിക്കുന്ന ഒരു സംഭവത്തിന് ശേഷം സാമ്രാജ്യത്വത്തിനെതിരെ തിരിയുന്ന ബ്രിട്ടീഷ് ഇന്ത്യന്‍ ആര്‍മിയിലെ അംഗമാണ് ക്യാപ്റ്റന്‍ മില്ലര്‍ എന്ന ധനുഷ് കഥാപാത്രം. ശിവ രാജ്കുമാര്‍, പ്രിയങ്ക അരുള്‍ മോഹന്‍, അദിതി ബാലന്‍, സുന്ദീപ് കിഷന്‍ എന്നിവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ ഉണ്ട്. മികച്ച പ്രതികരണം നേടി തിയേറ്ററുകളില്‍ പ്രദര്‍ശനം തുടരവെയാണ് ക്യാപ്റ്റന്‍ മില്ലറിനെതിരെ കേരളത്തില്‍ ഉള്‍പ്പെടെവിവാദം.

Top