ടീമിന്റെ മോശം പ്രകടനത്തിന്റെ പഴി സ്വയം ഏറ്റെടുത്ത് താന്‍ ക്യാപ്റ്റന്‍ സ്ഥാനം ഒഴിയുകയാണെന്ന് ഗംഭീര്‍ പ്രഖ്യാപിച്ചു. ഒരു നായകനാകാനുള്ള മികവ് തനിക്കില്ല. അതു കൊണ്ട് ക്യാപ്റ്റന്‍ പദം ഉപേക്ഷിക്കുന്നു. തനിക്കുള്ള പ്രതിഫലത്തുകയായ 2.8 കോടി രൂപയും സ്വീകരിക്കില്ല. ഈ സീസണലെ ഇനിയുള്ള കളികള്‍ സൗജന്യമായിട്ടായിരിക്കും കളിക്കുക പത്രസമ്മേളനത്തില്‍ വിഷാദം തിങ്ങിയ മുഖത്തോടെ താരം പറഞ്ഞു. ടീം മാനേജ്‌മെന്റിന്റെ സമ്മര്‍ദം മൂലമല്ല, സ്വന്തം താല്‍പര്യപ്രകാരമാണു രാജിയെന്നും കൂടി അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഈ വാക്കുകള്‍ ക്രിക്കറ്റ് പ്രേമികളെ വേദനിപ്പിച്ചെങ്കിലും അഭിനന്ദനങ്ങളും സോഷ്യല്‍മീഡിയയയില്‍ കൂടി താരത്തിനു ലഭിക്കുന്നു. നീണ്ട കാലം ഇന്ത്യന്‍ ടീമിനായി കളിച്ച താരത്തിന്റെ ഇപ്പോഴത്തെ അവസ്ഥ മോശം തന്നെയാണ്. നിരവധി തവണ ഇന്ത്യന്‍ ടീമിനെ വിജയത്തിലെത്തിച്ച ബാറ്റ്‌സ്മാന്‍, രണ്ടു തവണ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെ കിരീടനേട്ടത്തിലെത്തിച്ച നായകന്‍. ഗംഭീറിനെ സ്വന്തമാക്കിയത് ഡല്‍ഹി ഡെയര്‍ഡെവിള്‍സ് മാനേജ്‌മെന്റ് ഈ നേട്ടങ്ങള്‍ കണ്ടു കൊണ്ടായിരുന്നു. എന്നാല്‍ തികച്ചും നിരാശപ്പെടുത്തുന്നതായിരുന്നു ഈ സീസണിലെ പ്രകടനം.
ബാറ്റിങ്ങില്‍ താളം കണ്ടെത്താന്‍ സാധിക്കുന്നില്ല. ആദ്യ മത്സരത്തില്‍ നേടിയ 55 റണ്‍സ് മാത്രമുണ്ട് ഓര്‍ത്തിരിക്കാന്‍. പിന്നീട് നേടിയത് മൊത്തം 30 റണ്‍സ്. ഒരു കാലത്ത് തുടര്‍ച്ചയായി അര്‍ധസെഞ്ചുറികള്‍ നേടിയിരുന്ന താരമാണ് ഗൗതം. 2007ലെ ട്വന്റി20 ലോകകപ്പ് ഫൈനലില്‍ 75 റണ്‍സും 2011ലെ ഏകദിന ലോകകപ്പ് ഫൈനലില്‍ 97 റണ്‍സും നേടിയ ഗംഭീറായിരുന്നു ടീമിന്റെ ടോപ് സ്‌കോറര്‍. ആ കളി കണ്ടവര്‍ക്ക് ഗംഭീര്‍ റണ്ണെടുക്കാന്‍ ബുദ്ധിമുട്ടുന്നതു കാണുമ്പോള്‍ ദയനീയത തോന്നുന്നുവെങ്കില്‍ അദ്ദേഹത്തിന്റെയുള്ളില്‍ എത്ര വേദനയുണ്ടാകുമെന്ന് ഊഹിക്കാവുന്നതേയുള്ളൂ. കളിക്കാരനായി അദ്ദേഹം ടീമില്‍ തുടരുമോയെന്ന് ഇപ്പോഴും വ്യക്തമല്ല. എങ്കിലും മാനേജ്‌മെന്റുമായി യാതൊരു ഉടക്കിനും നില്ക്കാതെ സ്ഥാനമൊഴിഞ്ഞ രീതി തീര്‍ച്ചയായും പ്രശംസനീയം തന്നെ.