തീവണ്ടി യാത്രക്കാരുടെ ശ്രദ്ധയ്ക്ക് പരാതികൾ ഇനി ക്യാപ്റ്റൻ പരിഹരിക്കും

കൊച്ചി: ഇന്ത്യൻ തീവണ്ടികൾക്കിനി പുതിയ നായകൻ. തീവണ്ടികളുടെ മുഴുവൻ ഉത്തരവാദിത്വവും ഇനി മുതൽ ക്യാപ്റ്റൻ’ എന്ന പദവിലുള്ള ഉദ്യോഗസ്ഥനായിരിക്കും. ദക്ഷിണ റെയിൽവേയിലെ ആറ് തീവണ്ടികളിൽ പരീക്ഷണാടിസ്ഥാനത്തിൽ നടപ്പാക്കിയ സംവിധാനം ഇന്ത്യ മുഴുവൻ നടപ്പാക്കാൻ റെയിൽവേ ബോർഡ് തീരുമാനിച്ചു.

ഏറ്റവും മുതിർന്ന ടി.ടി.ഇ. ആണ് ഒരു തീവണ്ടിയിലെ ക്യാപ്റ്റൻ ആവുക. ക്യാപ്റ്റന് എ.സി. കമ്പാർട്ട്‌മെന്റിൽ പ്രത്യേക സീറ്റ് ഉണ്ടാകും. ‘ട്രെയിൻ ക്യാപ്റ്റൻ’ എന്നെഴുതിയ വെള്ളത്തൊപ്പിയും പ്രത്യേക ബാഡ്ജും നൽകും. മറ്റുള്ള ടി.ടി.ഇ.മാരിൽ നിന്നു വ്യത്യസ്തമായി കടുംനീല പാന്റ്‌സും വെള്ള ഷർട്ടും ക്യാപ്റ്റൻമാരുടെ യൂണിഫോമാക്കാനാണ് ആലോചിക്കുന്നത്.

റെയിൽവേ സേവനവുമായി ബന്ധപ്പെട്ട എല്ലാകാര്യങ്ങൾക്കും ക്യാപ്റ്റനുമായി യാത്രക്കാർക്ക് ബന്ധപ്പെടാം. പരാതികൾ തീവണ്ടിക്കുള്ളിൽത്തന്നെ പരിഹരിക്കുകയാണ് ലക്ഷ്യം. ദീർഘദൂര തീവണ്ടികളിലാണ് ക്യാപ്റ്റന്റെ സേവനം ലഭ്യമാവുക.

ടിക്കറ്റ് റിസർവ് ചെയ്ത് പോകുന്ന യാത്രക്കാർക്ക് ക്യാപ്റ്റന്റെ മൊബൈൽ നമ്പർ നൽകും. തീവണ്ടിയിലെ സൗകര്യങ്ങൾ പരിശോധിക്കുക, കോച്ചുകളിലെ ശുചിത്വം, ജലലഭ്യത, നിലവാരമുള്ള ഭക്ഷണം എന്നിവ ഉറപ്പാക്കുക, ഇലക്ട്രിക്കൽ പ്രശ്‌നങ്ങൾ പരിഹരിക്കുക തുടങ്ങിയവയെല്ലാം ക്യാപ്റ്റന്റെ ചുമതലയിൽ വരും.

തീവണ്ടിയിലെ റെയിൽവേ ജീവനക്കാരും വിവിധ കരാറേറ്റെടുത്തവരും ക്യാപ്റ്റനുമായാണ് ബന്ധപ്പെടേണ്ടത്. ടിക്കറ്റ് പരിശോധനയും ക്യാപ്റ്റന്റെ ജോലിക്കൊപ്പം നിർവഹിക്കുന്ന രീതി തത്കാലം നടപ്പാക്കാനാണ് ആലോചിക്കുന്നത്. പക്ഷേ ഇത് ക്യാപ്റ്റന്റെ ജോലിഭാരം കൂട്ടുകയും പരിഷ്‌കാരം കൊണ്ട് ഉദ്ദേശിച്ച ഫലം കിട്ടാതിരിക്കുകയും ചെയ്യുന്ന സ്ഥിതിയുണ്ടാക്കുമെന്ന് ആശങ്കയുണ്ട്. ക്യാപ്റ്റൻമാരുടെ സേവനം മികച്ചതാക്കണമെങ്കിൽ ടിക്കറ്റ് പരിശോധകരുടെ എണ്ണം വർദ്ധിപ്പിക്കേണ്ടിവരും.

Top