തിരുവനന്തപുരം: പോത്തന്‍കോട് വെള്ളക്കെട്ടുള്ള പാറമടയിലേക്ക് കാര്‍ മറിഞ്ഞ് രണ്ട് പേര്‍ മരിച്ചു.പോത്തന്‍കോട് അയണിമൂട് തിരുവാതിര വീട്ടില്‍ സ്വദേശികളായ വേണു (45), മകന്‍ കണ്ണന്‍ എന്ന അഖില്‍ (22) എന്നിവരാണ് മരിച്ചത്.
വേണു ലോട്ടറിവകുപ്പ് ജീവനക്കാരനാണ്. അഖില്‍ എന്‍ജിനീയറിംഗ് വിദ്യാര്‍ഥിയാണ്. പുലര്‍ച്ചെ 6.45 ഓടെയായിരുന്നു അപകടം. പ്ലാമൂട് ഇസ്ലാമിയ പബ്ലിക് സ്‌കൂളിനടുത്ത് താമസിക്കുന്ന ബന്ധുവിനെ സന്ദര്‍ശിക്കാനെത്തിയതായിരുന്നു ഇരുവരും.
വെള്ള നിറത്തിലുള്ള മാരുതി കാര്‍ വെള്ളക്കെട്ടിലേക്ക് വീഴുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. റൂറല്‍ എസ്പി ഷെഹിന്‍ അഹമ്മദ്, എസ്‌ഐ എസ്. ശ്രീജിത്ത് എന്നിവരുടെ നേതൃത്വത്തില്‍ ആദ്യഘട്ട രക്ഷാപ്രവര്‍ത്തനം നടത്തിയെങ്കിലും ഫലം കണ്ടില്ല. തുടര്‍ന്ന് സ്ഥലത്തെത്തിയ മൂന്ന് യൂണിറ്റ് ഫയര്‍ഫോഴ്‌സ് അധികൃതരുടെ നേതൃത്വത്തില്‍ റബര്‍ ബോട്ടുകളിലും തെരച്ചില്‍ നടത്തി.
രാവിലെ 9.30 ഓടെ മകന്റെ മതദേഹവും പിന്നാലെ പിതാവിന്റെ മൃതദേഹവും കണ്ടെത്തി. മരിച്ച അഖിലിന് ചിലരില്‍ നിന്ന് വധഭീഷണി ഉണ്ടായിരുന്നതായി ബന്ധുക്കള്‍ പോലീസിനോട് പറഞ്ഞു. ഇതു സംബന്ധിച്ച് ഇന്ന് പരാതി നല്‍കുമെന്ന് ബന്ധുക്കള്‍ പറഞ്ഞു. ഗീതയാണ് വേണുവിന്റെ ഭാര്യ. ഇളയമകന്‍ അമല്‍.
കുളത്തിലേക്ക് മറിഞ്ഞ കാറിന്റെ ബോണറ്റിന്റെ പാളിമാത്രമാണ് പുറത്തുകാണാനുണ്ടായിരുന്നത്. കുളത്തിന്റെ സമീപത്തു കൂടിയുള്ള ഇടവഴിയിലേക്ക് വാഹനം തിരിക്കാന്‍ ശ്രമിക്കവെ നിയന്ത്രണംവിട്ട് അപകടം ഉണ്ടായതായാണ് പ്രാഥമിക നിഗമനം.