കോട്ടയം: അയ്യപ്പഭക്തര്‍ സഞ്ചരിച്ച എര്‍ട്ടിക്ക കാര്‍ കൊക്കയിലേക്ക് മറിഞ്ഞ് ഏഴുപേര്‍ക്ക് പരിക്ക്. ഇതില്‍ മൂന്നു പേരുടെ നില അതീവ ഗുരുതരമാണ്. ആന്ധ്രാസ്വദേശികള്‍ സഞ്ചരിച്ചിരുന്ന കാറാണ് അപകടത്തില്‍പ്പെട്ടത്.
ഇന്ന് പുലര്‍ച്ചെ എരുമേലിപമ്പ റോഡില്‍ കണമലയ്ക്ക് സമീപം നാരാണംതോട്ടിലായിരുന്നു അപകടം. നിലയ്ക്കല്‍ എസ്.ഐ സുനില്‍കുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്കി. അയ്യപ്പഭക്തരും പൊലീസും ചേര്‍ന്ന് പരിക്കേറ്റവരെ എരുമേലി ആശുപത്രിയിലും തുടര്‍ന്ന് കാഞ്ഞിരപ്പള്ളി താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിക്കുകയായിരുന്നു.
ഗുരുതരമായി പരിക്കേറ്റ അഞ്ചു പേരെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. ഇതില്‍ മൂന്നു പേരുടെ നില അതീവഗുരുതരമാണ്. അപകടത്തില്‍പ്പെട്ട ഏഴുപേര്‍ക്കും ശരീരത്തില്‍ ഒടിവുകള്‍ സംഭവിച്ചിട്ടുണ്ട്. രണ്ടു പേര്‍ കാഞ്ഞിരപ്പള്ളി താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലാണ്.
മുപ്പതടി താഴ്ചയിലേക്കാണ് കാര്‍ മറിഞ്ഞത്. ആന്ധ്രയില്‍നിന്ന് ട്രെയിനില്‍ വന്ന സംഘം എറണാകുളത്തുനിന്നാണ് കാര്‍ വിളിച്ചത്. കെ.എല്‍. 39 എസ് 1871 എര്‍ട്ടിക്ക കാറാണ് അപകടത്തില്‍പ്പെട്ടത്.