ആലപ്പുഴ: ആലപ്പുഴ പൂച്ചാക്കലിലെ കാറപകടം സംഭവിച്ചത് മദ്യലഹരിയിലെന്ന് പൊലീസിന്റെ വിശദീകരണം. പൂച്ചാക്കല്‍ സ്വദേശി മനോജ്, ഇതരസംസ്ഥാന തൊഴിലാളിയായ ആനന്ദ് മുഡോയി എന്നിവരാണ് കാറിലുണ്ടായിരുന്നത്. ഇരുവരും മദ്യപിച്ചിരുന്നെന്ന് പൊലീസ് വ്യക്തമാക്കി. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ ഇരുവരെയും കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
കാറപകടത്തില്‍ പരിക്കേറ്റ ഒരു കുട്ടിയുടെ നില അതീവ ഗുരുതരമാണ്. ശ്രീനാരായണ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ത്ഥിയായ അനഘയുടെ നിലയാണ് ഗുരുതമായി തുടരുന്നത്. ആന്തരിക രക്തസ്രാവത്തെ തുടര്‍ന്ന് കുട്ടിയെ മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. അനഘയ്‌ക്കൊപ്പം കാറിടിച്ച് പൂച്ചാക്കല്‍ ശ്രീകണ്‌ഠേശ്വകം സ്‌കൂളിലെ വിദ്യാര്‍ഥിനികളായ സഖി, ചന്ദന, അര്‍ച്ചന, സാഗി എന്നീ കുട്ടികള്‍ക്കാണ് പരിക്കേറ്റത്.
മൂന്ന് കുട്ടികളുടെ തുടയെല്ല് പൊട്ടിയിട്ടുണ്ട്. ഒരു കുട്ടി തോട്ടിലേക്കും മറ്റ് രണ്ട് പേര്‍ സമീപത്തെ പറമ്പിലേക്കും തെറിച്ചുവീണു. ഇവരെ കളമശേരി മെഡിക്കല്‍ കോളേജിലേക്കി മാറ്റിയിട്ടുണ്ട്. ബൈക്കില്‍ സഞ്ചരിക്കവെ ഇടിയേറ്റ പൂച്ചാക്കല്‍ സ്വദേശി അനീഷിന്റെയും മകന്റെയും നില തൃപ്തികരമാണ്. ഉച്ചയ്ക്ക് രണ്ടു മണിയോടെയാണ് മൂന്നിടങ്ങളിലായി ഓരേ കാറിടച്ച് ആറ് പേര്‍ക്ക് പരിക്കേറ്റത്.