Car Dealer planing for trapped the police officer

കൊച്ചി: സ്വകാര്യ പണമിടപാട് സ്ഥാപനത്തെ തെറ്റ് ധരിപ്പിച്ച് വാങ്ങിയ പണം തിരിച്ചടക്കാതിരിക്കാന്‍ കാര്‍ ഡീലറുടെ ‘ഡ്രൈവിങ്’.

തിരുവനന്തപുരം, കൊല്ലം, കൊട്ടാരക്കര എന്നിവിടങ്ങളില്‍ പ്രമുഖ കമ്പനികളുടെ വാഹന ഷോറൂം നടത്തുന്ന കൊട്ടാരക്കര സ്വദേശി അജിത്ത്, ഏറ്റുമാനൂരിലെ പ്രമുഖ ഫിനാന്‍സ് സ്ഥാപനമായ ചിറയില്‍ ഫിനാന്‍സ് ഉടമ രാജനെ കബളിപ്പിച്ച് പണം തട്ടിയതായാണ് പരാതി

ഈ പരാതിയില്‍ പൊലീസ് അന്വേഷണം ആരംഭിച്ചിരിക്കെ അതില്‍ നിന്ന് തലയൂരുന്നതിനായി അന്വേഷണ ഉദ്യോഗസ്ഥനെതിരെയും പരാതിക്കാരനെതിരെയും മുഖ്യമന്ത്രിക്കും വിജിലന്‍സ് ഡയറക്ടര്‍ക്കും പരാതി നല്‍കിയിരിക്കുകയാണ് വാഹന ഷോറൂം ഉടമ അജിത്ത്.

തിരുവനന്തപുരത്ത് ഹുണ്ടായുടെ ഷോറൂം തുടങ്ങാനാണെന്ന പേരില്‍ ബാങ്ക് ലോണ്‍ കിട്ടുമെന്ന് വിശ്വസിപ്പിച്ച് തന്നില്‍ നിന്നും രണ്ട് കോടി അറുപത്തിയഞ്ച് ലക്ഷം രൂപ അജിത്ത് വാങ്ങിയെടുത്തുവെന്നാണ് ഫിനാന്‍സ് സ്ഥാപന ഉടമ രാജന്റെ പരാതിയില്‍ പറയുന്നത്.

ഇതില്‍ 25 ലക്ഷം രൂപ അക്കൗണ്ട് വഴിയും 2,42,500 രൂപ കൈവശമായും ആകെ 27,42,500 രൂപ മാത്രമാണ് തിരികെയടച്ചതെന്നും പരാതിയില്‍ വ്യക്തമാക്കിയിട്ടുണ്ട്.

ഹുണ്ടായ് ഷോറൂമിനായി ബാങ്കില്‍ നിന്ന് 25 കോടി രൂപ പാസാക്കാനുണ്ടെന്ന് ചൂണ്ടിക്കാട്ടിയതിനാലാണ് താന്‍ പണം നല്‍കിയതെന്ന് രാജന്‍ പറയുന്നു.

രണ്ട് കോടി 15 ലക്ഷം രൂപ വാങ്ങിയതിന് ശേഷം പിന്നീട് 20.7.2015 ന് 50 ലക്ഷം കൂടി കിട്ടിയില്ലെങ്കില്‍ കാര്യം നടക്കില്ലെന്ന് പറഞ്ഞ് വാങ്ങുകയായിരുന്നുവത്രെ.

ഇതിന് ശേഷം തിരിച്ചടവിനായി 5.8.2015 നും 29.12.2014 നും 50 ലക്ഷത്തിന്റെ രണ്ട് ചെക്ക് നല്‍കിയെങ്കിലും മാറാന്‍ സമയമായപ്പോള്‍ ബാങ്കില്‍ കൊടുക്കരുതെന്നും പണം ശരിയായിട്ടില്ലെന്നും വിളിച്ചു പറഞ്ഞ് മുടക്കുകയായിരുന്നു. ഇപ്പോള്‍ ചെക്ക് നല്‍കിയാല്‍ അത് മടങ്ങിയാല്‍ പിന്നെ ലോണ്‍ പാസാവില്ലെന്നായിരുന്നുവത്രെ അജിത്തിന്റെ മറുപടി.

താന്‍ വഞ്ചിക്കപ്പെടുകയാണെന്ന് ബോധ്യമായതോടെയാണ് തിരുവനന്തപുരം റേഞ്ച് ഐജിക്ക് പരാതി നല്‍കാന്‍ നിര്‍ബന്ധിതനായതെന്ന് രാജന്‍ പറയുന്നു. പരാതി ഐജി കീഴുദ്ദ്യോഗസ്ഥന് അന്വേഷണത്തിനായി കൈമാറുകയായിരുന്നു. തുടര്‍ന്ന് പരാതിക്കാരന്‍ അന്വേഷണ ഉദ്യോഗസ്ഥനായ അസി.കമ്മീഷര്‍ക്ക് മുമ്പാകെ മൊഴിയും രേഖകളും സമര്‍പ്പിക്കുകയുണ്ടായി.

എന്നാല്‍ ഇപ്പോള്‍ പണം തിരികെ തരാതിരിക്കാനും നിയമ നടപടി ഭയന്നും അസിസ്റ്റന്റ് കമ്മീഷണര്‍ ഭീഷണിപ്പെടുത്തിയെന്ന് പറഞ്ഞ് മുഖ്യമന്ത്രിക്കും ഡിജിപിക്കും വിജിലന്‍സ് ഡയറക്ടറര്‍ക്കുമെല്ലാം അജിത്ത് പരാതി കൊടുത്തിരിക്കുകയാണ്. പലിശക്കെടുത്ത പണം ഇരട്ടിയിലധികം തിരിച്ചടച്ചെന്നാണ് വാദം.

നിയമ പ്രകാരം രേഖാമൂലം നല്‍കിയ പണം തിരിച്ചടച്ചതിന് രേഖകാണിക്കാന്‍ പോലും തയ്യാറാകാതെ പുകമറ സൃഷ്ടിക്കുകയാണ് അജിത്ത് ചെയ്യുന്നതെന്നും ഇതിനെതിരെ നിയമനടപടി സ്വീകരിക്കുമെന്നും രാജന്‍ അറിയിച്ചു.

അതേ സമയം ഐജിക്ക് കിട്ടിയ എല്ലാ പരാതിയും അന്വേഷണത്തിനായി താഴേക്ക് കൈമാറുക എന്നത് സാധാരണ നടപടി ക്രമമാണെന്നും നിയമപരമായ നടപടി മാത്രമാണ് സ്വീകരിച്ചതെന്നുമാണ് ഐജി ഓഫീസ് വ്യക്തമാക്കുന്നത്.

Top