ന്യൂഡല്‍ഹി: രാജ്യത്ത് ഹൈഡ്രജന്‍ ഇന്ധനമാക്കി ഓടുന്ന ഫ്യൂവല്‍ സെല്‍ വൈദ്യുതി വാഹനങ്ങള്‍ കൊണ്ടുവരാന്‍ ആഗോള താത്പര്യപത്രം ക്ഷണിച്ചതായി സൂചന. കേന്ദ്ര വൈദ്യുതമന്ത്രാലയത്തിന് കീഴിലെ പൊതുമേഖലാ സ്ഥാപനമായ നാഷണല്‍ തെര്‍മല്‍ പവര്‍ കോര്‍പ്പറേഷന്‍ (എന്‍.ടി.പി.സി.) ആണ് ആഗോള താത്പര്യപത്രം ക്ഷണിച്ചത് എന്നാണ് വിവരം.
ഡല്‍ഹിയിലും ലഡാക്കിലെ ലേയിലുമാണ് പരീക്ഷണാടിസ്ഥാനത്തില്‍ ഈ വാഹനങ്ങള്‍ ആദ്യം അവതരിപ്പിക്കുക എന്നാണ് റിപ്പോര്‍ട്ടുകള്‍. ആദ്യഘട്ടത്തില്‍ പത്തുവീതം ബസുകളും കാറുകളുമാണ് ഇറക്കുക. ഹൈഡ്രജന്‍ വാഹനങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് ഈ നീക്കം. അന്തരീക്ഷമലിനീകരണം കുറയ്ക്കാന്‍ ഇത്തരം വാഹനങ്ങള്‍ സഹായിക്കുമെന്നാണ് കേന്ദ്ര സര്‍ക്കാരിന്റെ പ്രതീക്ഷ.
ടൊയോട്ട, ഹ്യുണ്ടായി, ഹോണ്ട എന്നീ കമ്പനികള്‍ മൂന്നുവര്‍ഷംമുമ്പ് ഹൈഡ്രജന്‍ കാറുകള്‍ വിപണിയിലിറക്കിയിരുന്നു. ചൈനയില്‍ ഹൈഡ്രജന്‍ ബസുകളും ട്രാമുകളും സര്‍വീസ് തുടങ്ങിയിട്ടുണ്ട്. കേരളത്തില്‍ വെള്ളത്തില്‍നിന്ന് ഹൈഡ്രജന്‍ ഉത്പാദിപ്പിക്കാന്‍ സൗകര്യവും സാധ്യതയും കൂടുതലായതിനാല്‍ എല്‍.എന്‍.ജി.യെക്കാള്‍ ലാഭകരമായിരിക്കുമെന്നാണ് കണക്കാക്കുന്നത്.സൗരോര്‍ജം ഉപയോഗിച്ച് വെള്ളത്തെ ഹൈഡ്രജനും ഓക്സിജനുമായി വിഘടിപ്പിക്കുകയും ഹൈഡ്രജന്‍ സൂക്ഷിക്കുകയുമാണ് ചെയ്യുക. കൊച്ചി റിഫൈനറിയില്‍ അമേരിക്കന്‍ കമ്പനിയുടെ സഹായത്തോടെ ഇപ്പോള്‍ത്തന്നെ ഈ സംവിധാനമുണ്ട്. പൈപ്പ്ലൈനിലൂടെ ഹൈഡ്രജന്‍ വിതരണ കേന്ദ്രങ്ങളിലേക്കെത്തിക്കുന്നതിനുള്ള സാങ്കേതികവിദ്യയും കമ്പനി വാഗ്ദാനം ചെയ്തിട്ടുണ്ട്.
ബാറ്ററിക്ക് പകരം ഫ്യൂവല്‍ സെല്‍ ഉപയോഗിക്കുന്ന ഇലക്ട്രിക് വാഹനങ്ങളാണ് എഫ്സിവി എന്നറിയപ്പെടുന്നത്. ഫ്യൂവല്‍ സെല്ലാണ് വാഹനത്തിലെ ഇലക്ട്രിക് മോട്ടോറിന് വൈദ്യുതി നല്‍കുന്നത്. വൈദ്യുതരാസ സെല്ലായ ഫ്യൂവല്‍ സെല്‍ ഇന്ധനത്തിലെ രാസോര്‍ജ്ജത്തെ വൈദ്യുതിയാക്കി മാറ്റുകയാണ് ചെയ്യുന്നത്. ടാങ്കില്‍ സൂക്ഷിച്ച ഹൈഡ്രജനും അന്തരീക്ഷത്തില്‍ നിന്ന് ലഭിക്കുന്ന ഓക്‌സിജനും സമന്വയിപ്പിച്ചാണ് ഇത്തരം കാറുകളുടെ പ്രവര്‍ത്തനം.
ഓക്‌സിജനും ഹൈഡ്രജനും ചേര്‍ന്ന് ഊര്‍ജം ഉല്‍പ്പാദിപ്പിക്കുമ്പോള്‍ അവശേഷിക്കുന്നത് ശുദ്ധമായ നീരാവി മാത്രമാണ്. ഇലക്ട്രിക് മോട്ടോര്‍ പ്രവര്‍ത്തിപ്പിക്കാന്‍ ഹൈഡ്രജന്‍ ഫ്യൂവല്‍ സെല്‍ ഉപയോഗിക്കുന്നു എന്നതാണു സാധാരണ ഇലക്ട്രിക് ഹൈബ്രിഡ് കാറുകളുമായുള്ള വ്യത്യാസം. 140 കിലോമീറ്റര്‍ വരെ വേഗം കിട്ടും. ഫുള്‍ ടാങ്ക് ഇന്ധനം കൊണ്ട് 500 കിലോമീറ്റര്‍ ഓടാന്‍ ശേഷിയുണ്ട്.സാധാരണ വൈദ്യുത വാഹനങ്ങളില്‍ നിന്നു വ്യത്യസ്തമായി ഇന്ധന സെല്‍ വാഹനങ്ങള്‍ പ്ലെഗ് കുത്തി ചാര്‍ജ് ചെയ്യേണ്ടെന്ന നേട്ടവുമുണ്ട്.