കൊവിഡിലും തളരാത്ത വാഹന വിപണി; നേട്ടമായത് ചൈനീസ് കമ്പനിയായ എം ജി മോട്ടോഴ്‌സിന്

ലോകം മുഴുവന്‍ കൊവിഡ് പ്രതിസന്ധിക്കിടയില്‍ നെട്ടോട്ട മോടുമ്പോളും ഇന്ത്യന്‍ വിപണിയില്‍ മെച്ചപ്പെട്ട പ്രകടനവുമായി ചൈനീസ് വാഹന നിര്‍മ്മാതാക്കളായ എം ജി മോട്ടോഴ്‌സ്. എംജി മോട്ടോര്‍ ഇന്ത്യ 2020 ജൂലൈയില്‍ കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 40 ശതമാനം വര്‍ധനയാണ് രേഖപ്പെടുത്തിയത്.

2019 ജൂലൈയില്‍ വിറ്റ 1508 യൂണിറ്റിനെ അപേക്ഷിച്ച് കഴിഞ്ഞ മാസം 2105 യൂണിറ്റാണ് എംജി വിറ്റത്. മാത്രമല്ല 2020 ജൂണ്‍ മാസത്തില്‍ വിറ്റഴിച്ച 2012 യൂണിറ്റിനെ അപേക്ഷിച്ച് പുരോഗതിയും ഈ മാസത്തെ വില്‍പ്പനയില്‍ ഉണ്ടായിരിക്കുന്നത്.

2019 ജൂണ്‍ 27നാണ് ഇന്ത്യയിലെ ആദ്യ ഇന്റര്‍നെറ്റ് അധിഷ്ഠിത കാറെന്നു പേരുള്ള ഹെക്ടറുമായി ചൈനീസ് വാഹന നിര്‍മ്മാതാക്കളായ SAIC മോട്ടോഴ്‌സിന്റെ കീഴിലുള്ള ബ്രിട്ടീഷ് ബ്രാന്‍ഡായ എംജി മോട്ടോഴ്‌സ് ഇന്ത്യയിലെത്തിയത്. കേന്ദ്രസര്‍ക്കാരിന്റെ മേക്ക് ഇന്‍ ഇന്ത്യ പദ്ധതിയുടെ ചുവടുപിടിച്ചെത്തിയ എംജി മോട്ടോര്‍സിന് ഇന്ന് ഹെക്ടറിന് പുറമെ ZS ഇവി, ഹെക്ടര്‍ പ്ലസ് എന്നിങ്ങനെ മൂന്ന് മോഡലുകള്‍ ഇന്ത്യന്‍ ശ്രേണിയിലുണ്ട്.

Top