ഇസ്ലാമാബാദ്: ആഡംബര കാറുകള്‍, സ്മാര്‍ട്ട് ഫോണുകള്‍, പാല്‍ക്കട്ടി എന്നിവയുള്‍പ്പെടെയുള്ള സാധനങ്ങളുടെ ഇറക്കുമതി നിരോധിക്കാന്‍ പാക് സാമ്പത്തിക ഉപദേഷ്ടാക്കള്‍ സര്‍ക്കാരിനോട് നിര്‍ദേശിച്ചു. ഇറക്കുമതി നിയന്ത്രണങ്ങളിലൂടെ അന്താരാഷ്ട്ര നാണ്യനിധിയില്‍ (ഐ.എം.എഫ്) നിന്ന് കൂടുതല്‍ സാമ്പത്തിക സഹായങ്ങള്‍ സ്വീകരിക്കുന്നതില്‍ നിന്ന് രാജ്യത്തെ ഒഴിവാക്കാനാകുമെന്നാണ് സാമ്പത്തിക ഉപദേഷ്ടാക്കള്‍ പ്രതീക്ഷിക്കുന്നത്.
കയറ്റുമതി കുറഞ്ഞതും, ഇറക്കുമതി കൂടിയതിന്റെയും ഫലമായി പാക്ക് സമ്പദ് വ്യവസ്ഥയില്‍ ഡോളറിന്റെ ലഭ്യതക്കുറവ് പ്രകടമാണ്. ഇതിന്റെ ഫലമായി കുറഞ്ഞുവരുന്ന വിദേശ കറന്‍സി റിസര്‍വ്വില്‍ സാമ്പത്തിക ഉപദേഷ്ടാക്കള്‍ ആശങ്ക പ്രകടിപ്പിച്ചിരിക്കുകയാണ്.
1980ന് ശേഷം 14 തവണ പാക്കിസ്ഥാന്‍ ഐ.എം.എഫിന്റെ സഹായങ്ങള്‍ സ്വീകരിച്ചിട്ടുണ്ട്. എന്നാല്‍ അന്താരാഷ്ട്ര ഏജന്‍സികളെ എല്ലായ്‌പോഴും ആശ്രയിക്കുന്നതിനെ എതിര്‍ത്തുകൊണ്ട് പാക്ക് പ്രധാനമന്ത്രി ഇമ്രാന്‍ഖാനും പാര്‍ട്ടിയും രംഗത്ത് വന്നിരുന്നു. ഇറക്കുമതി കുറയ്ക്കുന്നതിലൂടെ സാമ്പത്തിക ചെലവുകള്‍ക്ക് വലിയൊരു അളവോളം കുറവ് വരുത്താനാകുമെന്ന് പുതുതായി രൂപം കൊടുത്ത സാമ്പത്തിക ഉപദേശക സമിതി അംഗം അഷ്ഫാഖ് ഹസന്‍ ഖാന്‍ പറയുന്നു.
ആഡംബര കാറുകള്‍, സ്മാര്‍ട്ട് ഫോണുകള്‍, പാല്‍ക്കട്ടി എന്നിവയുടെ ഇറക്കുമതി ഒരുവര്‍ഷത്തേക്ക് നിരോധിക്കുന്നതിലൂടെ നാല് മുതല്‍ അഞ്ച് ബില്യണ്‍ ഡോളര്‍ വരെ രാജ്യത്തിന് ലാഭിക്കാനാകും. കയറ്റുമതിയില്‍ വര്‍ധന വരുത്തുന്നതോടെ രണ്ട് ബില്യണ്‍ ഡോളര്‍ അധിക വരുമാനവും പ്രതീക്ഷിക്കുന്നതായി ഹസന്‍ ഖാന്‍ പറഞ്ഞു.