ഭാരത് ജോഡോ യാത്രയ്ക്ക് കാരവാൻ മോഡൽ കണ്ടെയ്നറുകൾ; പര്യടനം 150 ദിവസത്തോളം നീളും

ന്യൂഡല്‍ഹി: രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ ആരംഭിച്ച ഭാരത് ജോഡോ യാത്രയില്‍ നേതാക്കള്‍ ഉള്‍പ്പെടെയുള്ളവര്‍ താമസിക്കുന്നത് 60 കണ്ടെയ്‌നറുകളില്‍. യാത്രയുടെ ഭാഗമായ 230 പേര്‍ക്ക് വിശ്രമിക്കാനും അന്തിയുറങ്ങാനുമാണ് 60 കണ്ടെയ്‌നറുകള്‍ സജ്ജമാക്കിയിട്ടുള്ളത്. ട്രക്കില്‍ ഘടിപ്പിച്ചാണ് കണ്ടെയ്‌നറുകളും പര്യടനം നടക്കുന്ന സ്ഥലങ്ങളിലേക്ക് എത്തിക്കുക. കേന്ദ്രസര്‍ക്കാര്‍ നയങ്ങളില്‍ പ്രതിഷേധിച്ചാണ് കോൺഗ്രസ് ഭാരത് ജോഡോ യാത്ര സംഘടിപ്പിച്ചിരിക്കുന്നത്.

കാരവന് സമാനമായ സംവിധാനമാക്കി മാറ്റിയാണ് കണ്ടെയ്‌നറുകള്‍ ഉപയോഗിക്കുന്നത്. 60 കണ്ടെയ്‌നറില്‍ എയര്‍ കണ്ടീഷന്‍ സൗകര്യമുള്ള ഒരു കണ്ടെയ്‌നര്‍ രാഹുല്‍ ഗാന്ധിക്കാണ്. ബാക്കിയുള്ള കണ്ടെയ്‌നറുകള്‍ പങ്കിട്ട് മറ്റുള്ളവരും താമസിക്കും. മുതിര്‍ന്ന നേതാക്കള്‍ക്കുള്ള കണ്ടെയ്‌നറില്‍ രണ്ട് ബെഡുകളുണ്ട്. മറ്റുള്ളവര്‍ക്കുള്ളതില്‍ ആറ് മുതല്‍ 12 ബെഡുകളുമാണുള്ളത്. എല്ലാ കണ്ടെയ്‌നറുകളിലും എയര്‍ കണ്ടീഷന്‍ സംവിധാനമില്ലെങ്കിലും ഫാനുകളുണ്ട്. ശുചിമുറി എല്ലാ കണ്ടെയ്‌നറിലുമുണ്ട്‌.

‘കന്യാകുമാരി മുതല്‍ കശ്മീര്‍ വരെ 3570 കിലോമീറ്റര്‍ നീളുന്ന പര്യടനത്തിന്റെ ഭാഗമായ രാഹുല്‍ ഗാന്ധി ഉള്‍പ്പെടെയുള്ള 119 സ്ഥിരം യാത്രികരും മറ്റ് അതിഥി യാത്രികരും ഈ കണ്ടെയ്‌നറുകളില്‍ താമസിക്കും. രണ്ടേക്കറോളം വരുന്ന താത്ക്കാലിക ക്യാമ്പ് സൈറ്റുകളില്‍ നിര്‍ത്തിയിടുന്ന കണ്ടെയ്‌നറുകളില്‍ ഭക്ഷണത്തിനോ യോഗങ്ങള്‍ ചേരാനോ സാധിക്കില്ല. അകത്ത് ടിവി ഇല്ല’ – മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ജയ്‌റാം രമേശ് പറഞ്ഞു. തീവണ്ടിയിലെ സ്ലീപ്പര്‍ കംപാര്‍ട്ട്‌മെന്റുകള്‍ക്ക് സമാനമാണ് കണ്ടെയ്‌നറുകളെന്ന് ഭാരത് ജോഡോ യാത്രയുടെ സംഘടാക സമിതി അധ്യക്ഷനായ ദ്വിഗ്‌വിജയ് സിങ് പറഞ്ഞു.

Top