2070ഓടെ കാര്‍ബണ്‍ പുറന്തള്ളല്‍ പൂജ്യത്തിലെത്തിക്കുമെന്ന് ഗ്ലാസ്‌ഗോയിൽ മോദി

ഗ്ലാസ്‌ഗോ : 2070ഓടെ കാര്‍ബണ്‍ പുറന്തള്ളല്‍ ഇന്ത്യ പൂജ്യത്തിലെത്തിക്കുമെന്ന് (നെറ്റ് സീറോ) പ്രധാനമന്ത്രി നരേന്ദ്ര മോദി. കാര്‍ബണ്‍ പുറന്തള്ളലും അന്തരീക്ഷത്തില്‍നിന്നുള്ള ഒഴിവാക്കലും സമമാകുന്ന സ്ഥിതിയിലേക്ക് എത്തിക്കും. കാലാവസ്ഥാ വ്യതിയാനം ചര്‍ച്ച ചെയ്യുന്ന ഐക്യരാഷ്ട്ര സംഘടനയുടെ കോണ്‍ഫറന്‍സ് ഓഫ് പാര്‍ട്ടീസ് യോഗത്തില്‍ (കോപ്) സംസാരിക്കുകയായിരുന്നു മോദി. കാര്‍ബണ്‍ പുറന്തള്ളല്‍ ഇല്ലാതാക്കുന്നതിന് ആദ്യമായാണ് ഇന്ത്യ സമയക്രമം പ്രഖ്യാപിക്കുന്നത്. ഇതുള്‍പ്പെടെ അഞ്ച് പ്രധാന പ്രഖ്യാപനങ്ങളാണ് മോദി നടത്തിയത്.

2030ഓടെ ഫോസില്‍ ഇതര ഇന്ധനങ്ങളില്‍ നിന്നുള്ള ഊര്‍ജത്തിന്റെ അളവ് 500 ജിഗാ വാട്ട് ആയി ഉയര്‍ത്തും, 2030ഓടെ ഇന്ത്യക്ക് ആവശ്യമായ ഊര്‍ജത്തിന്റെ പകുതിയും പുനരുപയോഗിക്കുന്ന ഊര്‍ജമാക്കി മാറ്റും, 2030ഓടെ കാര്‍ബണ്‍ പുറന്തള്ളല്‍ 45 ശതമാനമായി കുറയ്ക്കും, കാര്‍ബണ്‍ പുറന്തള്ളല്‍ 2030 ആവുമ്പോഴേക്കും ഒരു ബില്ല്യന്‍ ടണ്ണായി കുറയ്ക്കും എന്നിവയാണ് മറ്റ് പ്രധാന പ്രഖ്യാപനങ്ങള്‍.

ജീവിതരീതികള്‍ക്ക് കാലാവസ്ഥാ വ്യതിയാനത്തില്‍ വലിയ പങ്കുണ്ടെന്ന് സമ്മേളനത്തില്‍ മോദി പറഞ്ഞു. ജീവിതം എന്ന വാക്ക് നിങ്ങള്‍ക്ക് മുമ്പാകെ ഞാന്‍ വെക്കുകയാണ്. പ്രകൃതിക്ക് വേണ്ടിയുള്ള ജീവിതം എന്നാണ് അത് അര്‍ഥമാക്കുന്നത്. ഇതിനെ ഒരു മുന്നേറ്റമാക്കി മാറ്റാന്‍ എല്ലാവരും തയാറാകണം -മോദി പറഞ്ഞു.

കാലാവസ്ഥാ വ്യതിയാനത്തെ ചെറുക്കുന്നതിനായി ഇന്ത്യ കഠിന പരിശ്രമം നടത്തുകയാണ്. വികസിത രാജ്യങ്ങള്‍ കാലാവസ്ഥാ പ്രതിജ്ഞകള്‍ നിറവേറ്റുന്നതിനായി കൂടുതല്‍ ധനസഹായം നല്‍കണം. കാലാവസ്ഥക്കുള്ള സഹായ വാഗ്ദാനങ്ങള്‍ പാലിക്കുന്നതില്‍ പരാജയപ്പെട്ട രാജ്യങ്ങളില്‍ സമ്മര്‍ദ്ദം ചെലുത്തേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണെന്നും മോദി പറഞ്ഞു.

Top