സര്‍ക്കാരിന്റെ പുതിയ മദ്യനയം കേരള സമൂഹത്തിന്റെ മനസില്‍ ആശങ്ക ഉളവാക്കുന്നുവെന്ന് കര്‍ദിനാള്‍ മാര്‍ ക്ലീമിസ് ബാവ

തിരുവനന്തപുരം: കേരള സര്‍ക്കാരിന്റെ പുതിയ മദ്യനയം കേരള സമൂഹത്തിന്റെ മനസില്‍ ആശങ്ക ഉളവാക്കുന്നുവെന്ന് കര്‍ദിനാള്‍ മാര്‍ ക്ലീമിസ് ബാവ. സുപ്രിം കോടതി വിധിയുടെ അടിസ്ഥാനത്തിലാണ് സര്‍ക്കാര്‍ മദ്യനയം രൂപീകരിക്കുന്നത് എന്ന് വാദിക്കുമ്പോഴും കോടതി മദ്യലഭ്യത ഒരു മൗലികാവകാശം പോലെ ആക്കുവാന്‍ ആരേയും നിര്‍ബന്ധിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

സമൂഹത്തിന് മുന്‍ഗണനാക്രമത്തില്‍ ചെയ്യുവാന്‍ സര്‍ക്കാരിന്റെ മുന്നില്‍ ധാരാളം കാര്യങ്ങള്‍ ഉണ്ടായിരിക്കെ ഇപ്പോള്‍ കേരളത്തിലെ മുഴുവന്‍ പഞ്ചായത്തുകളിലും മദ്യശാലകള്‍ തുറക്കുവാനുള്ള തീരുമാനം ആശങ്കാജനകമാണെന്നും അദ്ദേഹം വ്യക്തമാക്കി.

ഇടതു മുന്നണി നല്‍കിയ വാഗ്ദാനങ്ങളില്‍ നിന്നും പിന്നോട്ട് പോയിരിക്കുന്നു. ക്രമേണ മദ്യത്തിന്റെ ഉപഭോഗം കുറച്ചു കൊണ്ടുവരുമെന്ന് വാഗ്ദാനം ചെയ്തവര്‍ വന്‍തോതില്‍ അത് ലഭ്യമാക്കുന്ന കാഴ്ച്ചയാണ് നാം കാണുന്നത്. ജനത്തെ ദുരിതത്തിലാഴ്ത്തുന്ന ഈ നയത്തില്‍ നിന്നും സര്‍ക്കാര്‍ പിന്‍തിരിയണമെന്നും മാര്‍ ക്ലീമിസ് ബാവ ആവശ്യപ്പെട്ടു.

Top