കൊച്ചി : പ്രധാനമന്ത്രി നരേന്ദ്ര മോദിയും രാജ്യത്തെ കത്തോലിക്ക സഭാധ്യക്ഷന്മാരും തമ്മിലുള്ള കൂടിക്കാഴ്ച നാളെ. സഭ നേരിടുന്ന പ്രശ്‌നങ്ങള്‍ പ്രധാനമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തുമെന്നും കൂടിക്കാഴ്ചയില്‍ പ്രതീക്ഷയുണ്ടെന്നും കര്‍ദ്ദിനാള്‍ ജോര്‍ജ് ആലഞ്ചേരി. അദ്ദേഹം ഇക്കാര്യങ്ങളില്‍ ഇടപെടുമെന്നാണ് പ്രതീക്ഷയെന്നും കര്‍ദ്ദിനാള്‍ ജോര്‍ജ് ആലഞ്ചേരി പറഞ്ഞു.
സിബിസിഐ തലവനും ബോംബെ ലത്തീന്‍ അതിരൂപത അധ്യക്ഷനുമായ കര്‍ദ്ദിനാള്‍ ഓസ്വാള്‍ഡ് ഗ്രേഷ്യസ്, കെസിബിസി പ്രസിഡന്റും സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ്പുമായ കര്‍ദ്ദിനാള്‍ ജോര്‍ജ് ആലഞ്ചേരി, മലങ്കര കത്തോലിക്ക സഭ അധ്യക്ഷന്‍ കര്‍ദ്ദിനാള്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്ക ബാവ എന്നിവരാണ് പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തുന്നത്.
ഇന്ത്യാ സന്ദര്‍ശനത്തിനായി ഫ്രാന്‍സിസ് മാര്‍പ്പാപ്പയെ കേന്ദ്ര സര്‍ക്കാര്‍ ഔദ്യോഗികമായി ക്ഷണിക്കണമെന്ന് കത്തോലിക്ക സഭാ നേതൃത്വം പ്രധാനമന്ത്രിയോട് ആവശ്യപ്പെടുമെന്നും അദ്ദേഹം പറഞ്ഞു. ഒരു സ്വകാര്യ ചാനലിൽ ആയിരുന്നു അദ്ദേഹം ഈ കാര്യങ്ങൾ വെളിപ്പെടുത്തിയത്.