കൊച്ചി: വിശ്വാസികള്‍ അടിമുടി മാറണമെന്നും പരിവര്‍ത്തനത്തിന് തയ്യാറാകണമെന്നും കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി. സഭാ നവീകരണം എന്നാല്‍ സ്വയം പരിവര്‍ത്തനമാകണം. വിശ്വാസികള്‍ക്കിടയില്‍ ഐക്യത്തിന്റെയും കൂട്ടായ്മയുടെയും പങ്കുവെക്കല്‍ വേണം. കടുംബത്തില്‍ അത് വേണം സമൂഹത്തിലും സഭയിലും അത് വേണമെന്നും കര്‍ദിനാള്‍ പറഞ്ഞു. വിശ്വാസികള്‍ക്ക് പെസഹാ ദിനസന്ദേശം നല്‍കുകയായിരുന്നു അദ്ദേഹം.
യേശുവിന്റെ അന്ത്യ അത്താഴത്തിന്റെയും കുര്‍ബാന സ്ഥാപനത്തിന്റെയും സ്മരണയിലാണ് ക്രൈസ്തവര്‍ പെസഹ ആചരിക്കുന്നത്. പീഡാനുഭവത്തിന് മുന്നോടിയായി യേശു ശിഷ്യരുടെ പാദങ്ങള്‍ കഴുകിയതിന്റെയും അപ്പം മുറിച്ചതിന്റെയും ഓര്‍മപുതുക്കലാണ് പെസഹ. വ്യാഴാഴ്ച വൈകുന്നേരം വീടുകളിലും പെസഹ അപ്പം മുറിക്കല്‍ നടക്കും. കുടുംബത്തിലെ ഏറ്റവും മുതിര്‍ന്നയാള്‍ അപ്പം മുറിച്ച് മറ്റുള്ളവര്‍ക്കു നല്‍കുന്നതാണ് പതിവ്.