കാള്‍സണ്‍ ലോക ചെസ് ചാമ്പ്യന്‍ഷിപ്പില്‍ നിന്ന് പിന്‍മാറി

ലോക ഒന്നാം നമ്പര്‍ താരം മാഗ്നസ് കാള്‍സണ്‍ ലോക ചെസ് ചാമ്പ്യന്‍ഷിപ്പില്‍നിന്ന് പിന്മാറി. കിരീടം നിലനിര്‍ത്താന്‍ കാള്‍സണ്‍ അടുത്തവര്‍ഷം റഷ്യയുടെ യാന്‍ നെപ്പോംനിഷിയെ നേരിടേണ്ടതാണ്. ഒരു ലോകചാമ്പ്യന്‍ഷിപ്പില്‍ക്കൂടി പങ്കെടുക്കാന്‍ തനിക്ക് താത്പര്യമില്ലെന്നും അതേസമയം, ചെസ്സില്‍നിന്ന് വിരമിക്കില്ലെന്നും കാള്‍സണ്‍ വ്യക്തമാക്കി. ഇനി കൂടുതല്‍ എന്തെങ്കിലും നേടേണ്ടതുണ്ടെന്നു തോന്നുന്നില്ല.

കാള്‍സന് ഇപ്പോള്‍ അഞ്ചു കിരീടങ്ങളുണ്ട്. ഒരു കിരീടംകൂടി കിട്ടിയാല്‍ മിഖായില്‍ ബോട്വിന്നിക്കിനും ജര്‍മനിയുടെ ഇമ്മാനുവല്‍ ലാസ്‌കറിനുമൊപ്പം എത്തുമായിരുന്നു. കഴിഞ്ഞവര്‍ഷം നെപ്പോംനിഷിയെ 7.5-3.5ന് തോല്‍പ്പിച്ച് അനായാസമായാണ് കാള്‍സണ്‍ ചാമ്പ്യനായത്. താന്‍ വീണ്ടും മത്സരിക്കില്ലെന്ന സൂചന കാള്‍സണ്‍ അന്നേ നല്‍കിയിരുന്നു. തനിക്കൊത്ത പോരാളികളില്ലെന്ന് അദ്ദേഹം വിശ്വസിക്കുന്നു. ഇറാന്‍-ഫ്രഞ്ച് താരം അലിറേസ ഫിറോജ എതിരാളിയായിവന്നാല്‍ ലോകചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കുമെന്നും കാള്‍സണ്‍ പറഞ്ഞിരുന്നു.

കാന്‍ഡിഡേറ്റ്സ് ചെസ്സില്‍ ജേതാവായാണ് നെപ്പോംനിഷി ലോകചാമ്പ്യന്‍ഷിപ്പിന് യോഗ്യതനേടിയത്. കാള്‍സന്റെ അഭാവത്തില്‍, അന്ന് റണ്ണേഴ്സ് അപ്പായ ചൈനയുടെ ഡിങ് ലിറന്‍ നെപ്പോംനിഷിയുടെ എതിരാളിയാവാന്‍ സാധ്യതയുണ്ട്.

Top