തൃശൂര്‍: ലളിതകലാ അക്കാദമി സെക്രട്ടറി പൊന്യം ചന്ദ്രന് വധ ഭീഷണി. വിവാദ കാര്‍ട്ടൂണിന്റെ പേരിലാണ് പൊന്യം ചന്ദ്രനെ ഫോണില്‍ വിളിച്ച് ഭീഷണിപ്പെടുത്തിയത്. സംഭവത്തില്‍ പൊന്യം ചന്ദ്രന്‍ തൃശൂര്‍ ഈസ്റ്റ് പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കി.
തനിക്കെതിരെ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് വധഭീഷണിയുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഓഫീസില്‍ ഫോണ്‍ എടുക്കാന്‍ കഴിയാത്ത അവസ്ഥയാണ്. ഒരു അവാര്‍ഡ് പ്രഖ്യാപിച്ച ശേഷം അക്കാദമി അത് പുനഃപരിശോധിച്ച ചരിത്രം ഇതുവരെ ഉണ്ടായിട്ടില്ല. അംശവടി മത ചിഹ്നം അല്ല അധികാര ചിഹ്നം ആണ്. മത ചിഹ്നങ്ങളെ ചോദ്യം ചെയ്യുന്നതില്‍ പ്രശ്നം ഉണ്ടെന്നു കരുതുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. എന്നാല്‍ വിവാദം ഉണ്ടായതിനെ തുടര്‍ന്ന് പുനഃപരിശോധന നടത്തും. അവാര്‍ഡ് പിന്‍വലിക്കണമെന്ന് ആരും പറഞ്ഞിട്ടില്ല. അവാര്‍ഡ് പിന്‍വലിക്കും എന്നും ആരോടും പറഞ്ഞിട്ടില്ലെന്നും പൊന്യം ചന്ദ്രന്‍ വ്യക്തമാക്കി.
ലളിതകല അക്കാദമിയുടെ പുരസ്‌കാരം നേടിയ കാര്‍ട്ടൂണിനെ ചൊല്ലിയാണ് വിവാദം ഉടലെടുത്തത്. കേരള ശബ്ദത്തിന്റെ സഹ പ്രസിദ്ധീകരണമായ ഹാസ്യകൈരളിയില്‍ പ്രസിദ്ധീകരിച്ച കാര്‍ട്ടൂണ്‍ മത ചിഹ്നങ്ങളെ വ്രണപ്പെടുത്തുന്നു എന്നായിരുന്നു ആക്ഷേപം. സുഭാഷ് കെ കെ വരച്ച കാര്‍ട്ടൂണാണ് സമൂഹ മാധ്യമങ്ങളില്‍ വലിയ പ്രതിഷേധം ഏറ്റുവാങ്ങിയത്.