വിവാഹ വിരുന്നിനുള്ള റൊട്ടിയില്‍ തുപ്പിയ പാചകക്കാരനെതിരെ കേസ്

മീററ്റ്: വിവാഹ വിരുന്നില്‍ ഭക്ഷണത്തില്‍ തുപ്പിയിട്ട പാചകക്കാരനെതിരെ ദേശീയ സുരക്ഷാ നിയമ പ്രകാരം കേസ്. ഫെബ്രുവരിയിലാണ് മീററ്റില്‍ നിന്ന് സുഹൈല്‍ എന്ന പാചകക്കാരന്‍ അറസ്റ്റിലായത്. പാചകക്കാരന്‍ തന്തൂരി റൊട്ടിയില്‍ തുപ്പുന്ന വിഡിയോ പുറത്ത് വന്നതിന് പിന്നാലെയായിരുന്നു അറസ്റ്റ്. സുഹൈലിന്റെ ബന്ധുക്കള്‍ ജാമ്യത്തിനായി ശ്രമിച്ചതോടെയാണ് ഇയാള്‍ക്കെതിരെ ദേശീയ സുരക്ഷാ നിയമം ചുമത്തിയത്.

ജില്ലാ മജിസ്‌ട്രേറ്റിന്റെ നിര്‍ദ്ദേശപ്രകാരമാണ് സുഹൈലിനെതിരെ ദേശീയ സുരക്ഷാ നിയമം ചുമത്തിയതെന്നാണ് ഇന്ത്യാ ടുഡേ റിപ്പോര്‍ട്ട്. എന്നാല്‍ സുഹൈലിന്റെ സുരക്ഷയേക്കരുതിയാണ് നടപടിയെന്നാണ് അധികൃതര്‍ ദേശീയമാധ്യമങ്ങളോട് പ്രതികരിക്കുന്നത്. ഇതിന് മുന്‍പ് സുഹൈലിനെ കോടതിയില്‍ ഹാജരാക്കിയപ്പോള്‍ ചിലര്‍ ആക്രമിക്കാന്‍ ശ്രമിച്ചിരുന്നു.

ജാമ്യത്തില്‍ പുറത്തിറങ്ങിയാല്‍ ഇത്തരം ആക്രമണങ്ങള്‍ തുടര്‍ന്നും ഉണ്ടായേക്കാനുള്ള സാധ്യതയുണ്ടെന്നും അധികൃതര്‍ പറയുന്നു. സിജെഎം കോടതിയിലാണ് സുഹൈലിന്റെ ബന്ധുക്കള്‍ ജാമ്യത്തിനായി അപേക്ഷിച്ചത്. തന്തൂരി അടുപ്പില്‍ വേവിക്കാന്‍ വെക്കുന്നതിന് മുമ്പ് പാചകക്കാരന്‍ റൊട്ടിയില്‍ തുപ്പുന്നത് രഹസ്യമായി ചിത്രീകരിച്ചത് 2021 ഫെബ്രുവരിയിലാണ് പുറത്ത് വന്നത്.

വിവാഹചടങ്ങില്‍ പങ്കെടുക്കാനെത്തിയ ഒരാള്‍ വിഡിയോ പകര്‍ത്തി സമൂഹ മാധ്യമങ്ങളില്‍ പങ്കുവെക്കുകയായിരുന്നു. പകര്‍ച്ചവ്യാധികള്‍ ഉള്‍പ്പെടെ വ്യാപിക്കുന്ന ഈ സമയത്ത് ഇത്തരം പ്രവര്‍ത്തികള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ പൊലീസ് നടപടി സ്വീകരിക്കണമെന്ന് സമൂഹ മാധ്യമങ്ങളില്‍ ആവശ്യമുയര്‍ന്നിരുന്നു. ഇതിന് പിന്നാലെയാണ് സുഹൈല്‍ അറസ്റ്റിലായത്.

 

Top