നടിയെ ആക്രമിച്ച കേസ് ; പരാമര്‍ശങ്ങള്‍ക്ക് മറുപടിയുമായി ടി പി സെന്‍കുമാര്‍

senkumar

തിരുവനന്തപുരം : കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് നടക്കുന്ന പരാമര്‍ശങ്ങള്‍ക്ക് മറുപടിയുമായി മുന്‍ ഡി.ജി.പി സെന്‍കുമാര്‍.

വാരികയില്‍ വന്ന കാര്യങ്ങള്‍ പൂര്‍ണ്ണമായും ശരിയല്ല, കൂടുതല്‍ തെളിവുകള്‍ ശേഖരിക്കണമെന്നാണ് ഉദ്ദേശിച്ചതെന്ന് സെന്‍കുമാര്‍ പറഞ്ഞു.

നടന്‍ ദിലീപിനെയും നാദിര്‍ഷയെയും ചോദ്യം ചെയ്യുമ്പോള്‍ അന്വേഷണസംഘത്തിന്റെ കൈവശം വേണ്ടത്ര തെളിവുണ്ടായിരുന്നില്ലെന്നും സംശയങ്ങള്‍ മാത്രമാണുണ്ടായിരുന്നതെന്നും അദ്ദേഹം അറിയിച്ചു.

എന്നാല്‍ അതിനര്‍ഥം ആര്‍ക്കെങ്കിലും ക്ലീന്‍ ചിറ്റ് നല്‍കുന്നു എന്നല്ല. കാക്കനാട്ടെ കടയില്‍ പരിശോധന നടത്തുന്നതുള്‍പ്പെടെയുള്ള കാര്യങ്ങള്‍ ദിലീപിനെ ചോദ്യം ചെയ്യും മുന്‍പു വേണ്ടിയിരുന്നതായിരുന്നു.

കോടതിയില്‍ ഹാജരാക്കാനുള്ള തെളിവുകള്‍ അന്വേഷണ സംഘത്തിന് ഇപ്പോഴും ലഭിച്ചിട്ടില്ല. എന്നാല്‍ തെളിവും സംശയവും രണ്ടാണ്. അന്വേഷണസംഘം ഏകോപനത്തോടെ പ്രവര്‍ത്തിച്ചതായി തനിക്കു ബോധ്യപ്പെട്ടിട്ടില്ല. എഡിജിപി ഇതു സംബന്ധിച്ച് ഒരു ആശയവിനിമയവും താനുമായി നടത്തിയിട്ടില്ല.

ദിനേന്ദ്ര കശ്യപ് ഏറ്റവും സത്യസന്ധനായ ഉദ്യോഗസ്ഥനാണ്. 13 മണിക്കൂര്‍ തെളിവെടുത്തപ്പോള്‍ എന്തുകൊണ്ട് ദിനേന്ദ്ര കാശ്യപ് ഉണ്ടായിരുന്നില്ല. ഇപ്പോള്‍ അദ്ദേഹം കേസില്‍ നേതൃത്വം നല്‍കുന്നു എന്ന് അറിഞ്ഞതില്‍ സന്തോഷമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

കൂടുതല്‍ ശാസ്ത്രീയമായ രീതിയില്‍ വേണം അന്വേഷണം മുന്‍പോട്ടുകൊണ്ടുപോകേണ്ടത്. ചോദ്യം ചെയ്യലിനു മുന്‍പു നാദിര്‍ഷ ഒരു എഡിജിപിയുമായി ബന്ധപ്പെട്ടിരുന്നതു സംബന്ധിച്ചു തനിക്കു വിവരം ലഭിച്ചിരുന്നു. അത് അന്വേഷണ സംഘത്തെ അറിയിച്ചിരുന്നതായും സെന്‍കുമാര്‍ പറഞ്ഞു.

എ.ഡി.ജി.പി ബി.സന്ധ്യയെ ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റ പ്രശംസിച്ചത് അവരുടെ ആഭ്യന്തര കാര്യമാണെന്നും സെന്‍കുമാര്‍ പറഞ്ഞു.

നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് നടന്‍ ദിലീപിനെതിരെ തെളിവുകളൊന്നും ശേഖരിക്കാന്‍ അന്വേഷണ സംഘത്തിന് ഇതുവരെ കഴിഞ്ഞിട്ടില്ലെന്നും നടക്കുന്നത് സന്ധ്യയുടെ പബ്ലിസിറ്റി സ്റ്റണ്ട് മാത്രമാണെന്നുമാണ് സെന്‍കുമാര്‍ വാരികയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞിരുന്നത്.

അന്വേഷണ സംഘത്തെ നയിക്കുന്ന ഐ.ജി ദിനേന്ദ്ര കാശ്യപിനെ ഒന്നും അറിയിക്കുന്നില്ല. അതുകൊണ്ട് സന്ധ്യ ഒറ്റയ്ക്ക് അന്വേഷിക്കേണ്ട എന്ന് താന്‍ നിര്‍ദേശം നല്‍കിയിരുന്നതായും സെന്‍കുമാര്‍ പറഞ്ഞിരുന്നു.

ഇതിനിടെ സെന്‍കുമാര്‍ ഉന്നയിച്ച വിമര്‍ശനങ്ങളെ തള്ളി ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റ രംഗത്ത് വന്നു.

Top