കോഴിക്കോട്: സോഷ്യല്‍ മീഡിയ വഴി ആഹ്വാനം ചെയ്ത ഹര്‍ത്താലിനെതിരെ നടപടി സ്വീകരിക്കുന്നതില്‍ പൊലീസിന് പറ്റിയ വീഴ്ച ചോദ്യം ചെയ്ത അഭിഭാഷകനെതിരെ പൊലീസ് കേസെടുത്തതില്‍ പ്രതിഷേധം ശക്തം.
കോഴിക്കോട് ബാറിലെ യുവ അഭിഭാഷകന്‍ എന്‍.വി.പി റഫീഖിന് എതിരെ ടൗണ്‍ പൊലീസാണ് സ്വമേധയാ കേസെടുത്തത്.
മലപ്പുറം എസ്.പി ദേബേഷ് കുമാര്‍ ബെഹ്‌റയെ അധിക്ഷേപിച്ചതിന് കോഴിക്കോട് ടൗണിലെടുത്ത കേസ് ഇതിനകം തന്നെ വിവാദമായി കഴിഞ്ഞു.
ഔദ്യോഗിക പദവി ദുരുപയോഗം ചെയ്ത് ഉന്നത ഉദ്യോഗസ്ഥന്‍ നടത്തിയ ഇടപെടലിനെതിരെ ഹൈക്കോടതിയെ സമീപിക്കാന്‍ ഒരുങ്ങുകയാണ് അഭിഭാഷകര്‍.
താനൂര്‍ അടക്കം മലപ്പുറം ജില്ലയില്‍ വ്യാപകമായി ഹര്‍ത്താലിന്റെ മറവില്‍ നടന്ന ആക്രമണത്തിനെതിരെ നടപടി സ്വീകരിക്കുന്നതില്‍ മലപ്പുറം എസ്.പിയുടെ ഭാഗത്ത് നിന്നും ഗുരുതര വീഴ്ച ഉണ്ടായതാണ് അഡ്വ.റഫീഖ് വാട്‌സ് ആപ്പ് വീഡിയോയില്‍ ചോദ്യം ചെയ്തിരുന്നത്.
തലേദിവസം പ്രഖ്യാപിച്ച ഹര്‍ത്താലില്‍ വിവരം മുന്‍കൂട്ടി കണ്ട് മുന്‍ കരുതല്‍ സ്വീകരിക്കുന്നതില്‍ വീഴ്ച പറ്റിയതിനെയും അദ്ദേഹം രൂക്ഷമായി വിമര്‍ശിച്ചിരുന്നു.
സമാധാനാന്തരീക്ഷം തകര്‍ക്കാന്‍ ശ്രമിച്ചതിന് ഐപിസി 504 പ്രകാരവും ശല്യമുണ്ടാക്കുന്ന തരത്തിലുള്ള സന്ദേശ പ്രചാരണത്തിന് കേരള പൊലീസ് ആക്ട് 120(ഒ) വകുപ്പ് പ്രകാരവുമാണ് അഭിഭാഷകനെതിരെ കേസെടുത്തിരിക്കുന്നത്.
നാട്ടില്‍ സമാധാനം നിലനില്‍ക്കണമെന്ന് ആഗ്രഹിച്ച് പ്രതികരിച്ചതിന് അഭിഭാഷകനെ കേസില്‍ കുടുക്കിയത് സുപ്രീം കോടതി വിധികളോടുള്ള വെല്ലുവിളിയാണെന്ന് ഹൈക്കോടതിയിലെ മുതിര്‍ന്ന അഭിഭാഷകരും അഭിപ്രായപ്പെടുന്നു.
വരാപ്പുഴയില്‍ ഒരു യുവാവിന്റെ ജീവനെടുത്ത കാക്കി ഭീകരത കോഴിക്കോട്ട് അഭിഭാഷകന് എതിരെ തിരിഞ്ഞിരിക്കുകയാണെന്നും മുതിര്‍ന്ന അഭിഭാഷകര്‍ ചൂണ്ടിക്കാട്ടി.
സര്‍ക്കാര്‍ വാഹനങ്ങളടക്കം നശിപ്പിച്ചതിലും സമാധാന അന്തരീക്ഷം തര്‍ക്കുന്നതിന് അക്രമികള്‍ ശ്രമിച്ചതിലും ഉള്ള പ്രതിഷേധമാണ് അഭിഭാഷകന്‍ പ്രകടിപ്പിച്ചത്. പൊലീസ് വീഴ്ച തുറന്ന് കാട്ടിയതും ഒരു പൗരന്‍ എന്ന നിലയില്‍ അയാളുടെ അവകാശമാണ്. അതിനെ നിശബ്ദനാക്കാന്‍ കേസ് കൊണ്ട് ശ്രമിച്ചാല്‍ വിലപ്പോവില്ലന്നും അവര്‍ തുറന്നടിച്ചു.
അടിയന്തരമായി ഇക്കാര്യത്തില്‍ മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെടണമെന്ന ആവശ്യവും അഭിഭാഷകരുടെ ഭാഗത്ത് നിന്നും ഉയര്‍ന്നിട്ടുണ്ട്.