മുംബൈ: ബോളിവുഡ് താരവും ഫിറ്റ്‌നെസ് ഇന്‍ഫ്‌ളുവന്‍സറുമായ സാഹില്‍ ഖാനെതിരെ കേസ്. മഹാദേവ് ബെറ്റിങ് ആപ്പ് കേസിലാണ് മുംബൈ് പൊലീസിന്റെ നടപടി. 26-ാം പ്രതിയായാണ് എഫ്.ഐ.ആറില്‍ സാഹിലിന്റെ പേര് ചേര്‍ത്തിട്ടുള്ളത്.
ലാഭമുണ്ടാക്കാന്‍ ഉപയോഗിച്ചതിനു പുറമെ മഹാദേവ് ആപ്പിനു പ്രചാരണം നല്‍കുകയും ചെയ്തെന്നാണ് സാഹിലിനെതിരെ ചുമത്തിയ കുറ്റം. മുംബൈ സ്വദേശിയായ സാമൂഹിക പ്രവര്‍ത്തകന്‍ പ്രകാശ് ബങ്കര്‍ നല്‍കിയ പരാതിയിലാണു നടപടി. ബെറ്റിങ് ആപ്പ് വഴി ജനങ്ങളെ കബളിപ്പിച്ച് 15,000 കോടി രൂപയിലേറെ തട്ടിയിട്ടുണ്ടെന്ന് പരാതിക്കാരന്‍ ആരോപിക്കുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ വാതുവയ്പ്പ് നിയമം, ഐ.ടി നിയമം, ഇന്ത്യന്‍ ശിക്ഷാ നിയമം ഉള്‍പ്പെടെ വിവിധ വകുപ്പുകള്‍ പ്രകാരമാണു കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
ആപ്പിന്റെ പ്രചാരണത്തിനായി സെലിബ്രിറ്റി പാര്‍ട്ടികള്‍ സംഘടിപ്പിച്ചെന്നാണ് സാഹിലിനെതിരെ കേസെടുക്കാന്‍ കാരണമായി ചൂണ്ടികാണിക്കുന്നത്. ഇതുവഴി കൂടുതല്‍ പേര്‍ കബളിപ്പിക്കപ്പെടാന്‍ ഇടയാക്കിയെന്നും എഫ്.ഐ.ആറില്‍ പറയുന്നു. മുംബൈ പൊലീസിനു പുറമെ എന്‍ഫോഴ്സ്മെന്റ് ഡയരക്ടറേറ്റും അന്വേഷിക്കുന്ന കേസില്‍ വേറെയും ബോളിവുഡ് താരങ്ങളും സെലിബ്രിറ്റികളും നിരീക്ഷണത്തിലാണ്.