കെ.എസ്.യു പ്രവര്‍ത്തകരുടെ പരാതിയില്‍ കോളേജ് പ്രിന്‍സിപ്പാളിനെതിരെ കേസ്

കല്‍പ്പറ്റ: നടവയല്‍ സിഎം കോളേജിലെ സംഘര്‍ഷത്തില്‍ പ്രിന്‍സിപ്പാളിനെതിരെ കേസെടുത്ത് പനമരം പൊലീസ്. കോളേജ് പ്രിന്‍സിപ്പാള്‍ ഡോക്ടര്‍ എപി ഷരീഫിനെതിരെയാണ് കേസെടുത്തത്. കെ.എസ്.യു പ്രവര്‍ത്തകരുടെ പരാതിയില്‍ മര്‍ദ്ദനം ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചേര്‍ത്താണ് കേസ്.

കഴിഞ്ഞദിവസം നടന്ന കെ.എസ്.യു വിദ്യാഭ്യാസ ബന്ദിനിടെയായിരുന്നു സംഭവം. ബന്ദുമായി ബന്ധപ്പെട്ട് കോളേജിലെത്തിയ കെ.എസ്.യു പ്രവര്‍ത്തകരും പ്രിന്‍സിപ്പാളും തമ്മിലുണ്ടായ വാക്ക് തര്‍ക്കം കയ്യാങ്കളിയില്‍ എത്തുകയായിരുന്നു. പ്രിന്‍സിപ്പാള്‍ ഷെരീഫ് മര്‍ദ്ദിച്ചെന്ന് ആരോപിച്ച് കെ.എസ്.യു പ്രവര്‍ത്തകര്‍ കോളേജ് അധികൃതരെ ഉപരോധിക്കുകയും ചെയ്തു. സംഘര്‍ഷത്തെ തുടര്‍ന്ന് കനത്ത പൊലീസ് കാവലിലായിരുന്നു കോളേജ്. അതേസമയം, പുറത്തുനിന്ന് എത്തിയവര്‍ സംഘര്‍ഷത്തിന് ശ്രമിച്ചുവെന്നും ആക്രമണം പ്രതിരോധിക്കുക മാത്രമാണ് ചെയ്തതെന്നുമാണ് പ്രിന്‍സിപ്പാള്‍ പറഞ്ഞത്.

Top