കണ്ണൂര്‍: ശബരിമലയിലെ ആചാര അനുഷ്ഠാനങ്ങളുടെ സംരക്ഷണം എന്ന ആവശ്യവുമായി ശബരിമല കര്‍മ്മ സമിതിയും ബി ജെ പിയും സംഘടിപ്പിച്ച അയ്യപ്പജ്യോതി തെളിക്കല്‍ പരിപാടിക്കെതിരെ പയ്യന്നൂര്‍ മേഖലയിലുണ്ടായ ആക്രമണത്തില്‍ നാല്‍പതോളം സി.പി.എം, ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ക്കെതിരെ കേസ്.
പെരുമ്പയില്‍വെച്ചാണ് ഇവരെ ആക്രമിച്ചത്. അക്രമത്തില്‍ പൊലീസുകാരുള്‍പ്പെടെ നിരവധിപേര്‍ക്ക് പരിക്കേല്‍ക്കുകയും അഞ്ചോളം വാഹനങ്ങള്‍ തകര്‍ക്കുകയുംചെയ്തു. കരിവെള്ളൂര്‍, ആണൂര്‍, കോത്തായിമുക്ക്, കണ്ടോത്ത്, പെരുമ്പ എന്നിവിടങ്ങളിലാണ് ഒരുസംഘമാളുകള്‍ അയ്യപ്പജ്യോതിക്കെതിരെ ആക്രമണം അഴിച്ചുവിട്ടത്.
പരിക്കേറ്റ് തളിപ്പറമ്പ് ലൂര്‍ദ് ആശുപത്രിയില്‍ കഴിയുന്ന അയ്യപ്പസേവാസമാജം കണ്ണൂര്‍ ജില്ല ഭാരവാഹി കാങ്കോല്‍ കരിങ്കുഴിയിലെ വി.വി. രാമചന്ദ്രന്‍ (57), ബി.ജെ.പി പയ്യന്നൂര്‍ മുനിസിപ്പല്‍ ജനറല്‍ സെക്രട്ടറി അന്നൂരിലെ പുത്തലത്ത് കുമാരന്‍ (62) എന്നിവരുടെ പരാതിയിലാണ് കേസ്.