പയ്യന്നൂര്‍: കണ്ണൂര്‍ പയ്യന്നൂരില്‍ 75 വയസുകാരിയായ അമ്മയെ ക്രൂരമായി മര്‍ദിച്ച മകള്‍ക്കെതിരെ പൊലീസ് കേസെടുത്തു. ഗാര്‍ഹികപീഡന നിയമപ്രകാരമാണ് മകള്‍ ചന്ദ്രമതിക്കെതിരെ കേസെടുത്തത്.
ജാമ്യമില്ലാ വകുപ്പുപ്രകാരം കേസെടുക്കുമെന്ന് കണ്ണൂര്‍ എസ്.പി. പറഞ്ഞു. കാര്‍ത്ത്യായനിയെ മകള്‍ മര്‍ദിക്കുന്ന ദൃശ്യങ്ങള്‍ പുറത്തായിരുന്നു.
പരാതിയുടെ അടിസ്ഥാനത്തില്‍ ഇരുകൂട്ടരോടും സ്റ്റേഷനില്‍ ഹാജരാകാന്‍ പൊലീസ് ആവശ്യപ്പെട്ടിട്ടുണ്ട്. കുടുംബ വഴക്കിനെതുടര്‍ന്നാണ് സഹോദരന്‍ തനിക്കെതിരെ പോലീസില്‍ പരാതി നല്‍കിയതെന്നാണ് ചന്ദ്രമതിയുടെ വാദം.
എന്നാല്‍ മകള്‍ ചന്ദ്രമതി തന്നെ ഉപദ്രവിച്ചിട്ടില്ലെന്ന് അമ്മ പൊലീസിനു മൊഴി നല്‍കി. തന്നെ നല്ല രീതിയിലാണ് മകള്‍ സംരക്ഷിക്കുന്നത്. തന്നെ മര്‍ദിക്കുകയോ പട്ടിണിക്കിടത്തുകയോ ചെയ്തിട്ടില്ലന്ന് പൊലീസിന് നല്‍കിയ മൊഴിയില്‍ പറയുന്നു.
കാര്‍ത്ത്യായനി അമ്മയെ ചന്ദ്രമതി മര്‍ദ്ദിക്കുന്നതിന്റെ വിഡിയോ ദൃശ്യങ്ങള്‍ സഹിതം മകന്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു.
മാവിഞ്ചേരി സ്വദേശിയായ ചന്ദ്രമതി അമ്മയെ സ്ഥിരമായ മര്‍ദിക്കുന്നെന്ന് കാണിച്ച് സഹോദരന്‍ വേണുഗോപാലാണ് പൊലീസില്‍ പരാതി നല്‍കിയത്.
നവംബര്‍ 24ന് ചിത്രീകരിച്ചതെന്ന് പറയുന്ന വീഡിയോ സഹിതമാണ് പരാതി നല്‍കിയത്. കൈ കൊണ്ടും ചൂലു കൊണ്ടും അമ്മയെ മര്‍ദിക്കുന്നതും അസഭ്യം പറയുന്ന ദൃശ്യങ്ങളുമാണ് വീഡിയോയില്‍ ഉള്ളത്. ഇതേത്തുടര്‍ന്നാണ് ഗാര്‍ഹിക പീഡന നിയമപ്രകാരം ചന്ദ്രമതിയ്ക്കും ഭര്‍ത്താവിനുമെതിരെ കേസെടുത്തത്.