നടന്നു പോയ വിദ്യാര്‍ഥിനികളെ ഇടിച്ച് തെറിപ്പിച്ച സംഭവം; കാര്‍ ഡ്രൈവര്‍ക്കെതിരെ കേസ്

ആലപ്പുഴ: പൂച്ചാക്കലില്‍ അമിത വേഗത്തിലെത്തിയ കാര്‍ 3 വിദ്യാര്‍ഥിനികളെ ഉള്‍പ്പെടെ ആറുപേരെ ഇടിച്ചു തെറിപ്പിച്ച സംഭവത്തില്‍ കാറോടിച്ച മനോജിനെതിരെ കേസെടുത്തു. വധശ്രമം, മദ്യപിച്ച് വാഹനമോടിക്കല്‍ എന്നീ വകുപ്പുകള്‍ പ്രകാരം ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസെടുത്തത്. ഇയാള്‍ക്കൊപ്പം കാറിലുണ്ടായിരുന്ന അസ്സം സ്വദേശി ആനന്ദിനെതിരെയും കേസെടുത്തു.

ഇപ്പോള്‍ ഇരുവരും കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്.ഇരുവരെയും ഡിസ്ചാര്‍ജ് ചെയ്ത ഉടന്‍ പൂച്ചാക്കല്‍ പൊലീസ് അറസ്റ്റ് ചെയ്യും.

അതേസമയം അപകടത്തില്‍ പരിക്കേറ്റ വിദ്യാര്‍ത്ഥിനികളുടെ ആരോഗ്യനില തൃപ്തികരമെന്ന് ഡോക്ടര്‍ അറിയിച്ചു.

ഇന്നലെ ഉച്ചയ്ക്ക് രണ്ടു മണിയോടെയാണ് മൂന്നിടങ്ങളിലായി ഒരേ കാറിടച്ച് ആറുപേര്‍ക്ക് പരിക്കേറ്റത്. ബൈക്കിലിരുന്ന അനീഷ് എന്നയാളെയും മകന്‍ വേദവിനെയുമാണ് കാര്‍ ആദ്യം ഇടിച്ചത്. അതിനു ശേഷം ചന്ദന, അര്‍ച്ചന, സാഗി എന്നീ പ്ലസ് ടു വിദ്യാര്‍ഥിനികളെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. ഒരു കുട്ടി തോട്ടിലേക്കും മറ്റ് രണ്ട് പേര്‍ സമീപത്തെ പറമ്പിലേക്കും തെറിച്ചുവീണു. സൈക്കിളില്‍ വരുമ്പോഴാണ് നാലാമത്തെ കുട്ടി അനഘയെ ഇടിച്ചത്. അമിതവേഗതയിലെത്തിയ കാര്‍ മരത്തിലിടിച്ചാണ് നിന്നത്.

Top