കണ്ണൂര്‍: തെരൂരില്‍ കൊല്ലപ്പെട്ട യൂത്ത് കോണ്‍ഗ്രസ് ബ്ലോക്ക് സെക്രട്ടറി ഷുഹൈബ് എടയന്നൂരിനെ കൊലപ്പെടുത്തിയ കേസില്‍ നാലു സി.പി.എം പ്രവര്‍ത്തകര്‍ക്കെതിരെ മട്ടന്നൂര്‍ പൊലീസ് കേസെടുത്തു. സംഭവത്തില്‍ ആരെയും കസ്റ്റഡിയിലെടുത്തിട്ടില്ലെന്നും അന്വേഷണം ഊര്‍ജിതമായി നടക്കുകയാണെന്നും അന്വേഷണ ഉദ്യോഗസ്ഥന്‍ മട്ടന്നൂര്‍ സി.ഐ എ.വി. ജോണ്‍ അറിയിച്ചു.
അതേസമയം, ഷുഹൈബ് വെട്ടേറ്റ് മരിച്ച സംഭവത്തില്‍ സി.പി.എമ്മിന് പങ്കില്ലെന്ന് എടയന്നൂര്‍ ലോക്കല്‍ കമ്മിറ്റി അറിയിച്ചു. സംഭവത്തില്‍ സമഗ്രമായ അന്വേഷണം നടത്തി യഥാര്‍ഥപ്രതികളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്നും ലോക്കല്‍ കമ്മിറ്റി പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.
തിങ്കളാഴ്ച രാത്രി 10.45ഓടെയായിരുന്നു കൊലപാതകം നടന്നത്. തെരൂരിലെ തട്ടുകടയില്‍ ഷുഹൈബ് സുഹൃത്തുക്കളായ പള്ളിപ്പറമ്പത്ത് നൗഷാദ് (29), റിയാസ് മന്‍സിലില്‍ റിയാസ് (27) എന്നിവര്‍ക്കൊപ്പം ചായ കുടിച്ചുകൊണ്ടിരിക്കെ കാറിലെത്തിയസംഘം കടക്കുനേരേ ബോംബെറിഞ്ഞശേഷം ഷുഹൈബിനെ വെട്ടി പരിക്കേല്‍പിക്കുകയായിരുന്നു.