നടിയെ ആക്രമിച്ച കേസ് ; ദൃശ്യങ്ങള്‍ പകര്‍ത്തിയ മെമ്മറി കാര്‍ഡ് പൊലീസ് കണ്ടെടുത്തു

pulsar suni

കൊച്ചി: നടിയെ തട്ടിക്കൊണ്ടുപോയി അപകീര്‍ത്തികരമായ ദൃശ്യങ്ങള്‍ പകര്‍ത്തിയെന്ന കേസില്‍ നിര്‍ണായക തെളിവായ മെമ്മറി കാര്‍ഡ് പൊലീസ് കണ്ടെടുത്തു.

ഒളിവിലായ അഭിഭാഷകന്‍ പ്രതീഷ് ചാക്കോയുടെ ജൂനിയര്‍ അഡ്വ. രാജു ജോസഫില്‍ നിന്ന് മെമ്മറി കാര്‍ഡ് പിടിച്ചെടുത്തതായാണ് വിവരം.

രാജു ജോസഫിനെ ചോദ്യം ചെയ്യാനായി വിളിച്ചുവരുത്തിയപ്പോഴാണ് മെമ്മറി കാര്‍ഡ് പിടിച്ചെടുത്തത്. ഒളിവിലുള്ള പ്രതീഷ് ചാക്കോ എവിടെയുണ്ടെന്ന് അറിയുന്നതിനായിരുന്നു ചോദ്യം ചെയ്യല്‍.

എന്നാല്‍ നിലവില്‍ മെമ്മറി കാര്‍ഡില്‍ ദൃശ്യങ്ങളൊന്നുമില്ല. കേസിലെ പ്രധാന തൊണ്ടിമുതലാണ് മെമ്മറി കാര്‍ഡ്. ദൃശ്യങ്ങള്‍ പകര്‍ത്തിയ മെമ്മറി കാര്‍ഡാണോ ഇതെന്ന് കണ്ടെത്തുന്നതിന് ശാസ്ത്രീയ പരിശോധനയ്ക്ക് അയയ്ക്കും.

കുറ്റകൃത്യത്തിനു ശേഷം മെമ്മറി കാര്‍ഡ് സുനി കൈമാറിയത് പ്രതീഷ് ചാക്കോയ്ക്കാണെന്നാണ് പൊലീസ് സംശയിക്കുന്നത്.

നടിയെ ആക്രമിച്ച ശേഷം സംഭവം ചിത്രീകരിച്ച മൊബൈല്‍ ഫോണും മെമ്മറി കാര്‍ഡും പ്രതീഷ് ചാക്കോയെ ഏല്‍പ്പിച്ചിരുന്നുവെന്നാണ് സുനി നല്‍കിയിരിക്കുന്ന മൊഴി.

കേസിലെ നിര്‍ണായക തെളിവായ ഫോണും മെമ്മറി കാര്‍ഡും വീണ്ടെടുക്കാന്‍ പൊലീസ് വിവിധയിടങ്ങളില്‍ തിരച്ചില്‍ നടത്തിയെങ്കിലും ഫോണ്‍ ഇതുവരെ കിട്ടിയിട്ടില്ല.

Top