കൊച്ചി : നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് പള്‍സര്‍ സുനിയുടെ സഹതടവുകാരന്റെ മൊഴി പൊലീസ് രേഖപ്പെടുത്തി.
ആലുവ മജിസ്ട്രേറ്റിന് മുമ്പാകെയാണ് പീച്ചി സ്വദേശി ജിന്‍സന്റെ രഹസ്യമൊഴി രേഖപ്പെടുത്തിയത്.
വൈകിട്ട് മൂന്നു മണിയോടെ ആരംഭിച്ച മൊഴിയെടുക്കല്‍ അഞ്ചു മണിയോടെയാണ് അവസാനിച്ചത്. സുനി പറഞ്ഞതെല്ലാം മൊഴിയിലുണ്ടെന്ന് ജിന്സന് പറഞ്ഞു.
സുനി തന്നോട് പറഞ്ഞ കാര്യങ്ങള്‍ പുറത്തു പറയാന്‍ ആഗ്രഹിക്കുന്നില്ലെന്നും ജിന്സണ് പറഞ്ഞിരുന്നു. ഒരു പക്ഷേ, ഇത്തരം കാര്യങ്ങളാകും മജിസ്ട്രേറ്റിന് നല്കിയ രഹസ്യമൊഴിയില്‍ ഉള്ളത് എന്നാണ് കരുതുന്നത്.
ജിന്സണ് നല്കിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് പള്‍സര്‍ സുനി ജയിലില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചകാര്യം പൊലീസ് കണ്ടെത്തിയത്. ഇയാള്‍ പെരുമ്പാവൂര്‍ പൊലീസിന് നല്കിയ മൊഴിയിലുടെ അടിസ്ഥാനത്തിലായിരുന്നു നടപടി.
നിരവധി പ്രമുഖരെ സുനി ടെലിഫോണിലൂടെ ബന്ധപ്പെട്ടിരുന്നുവെന്നും ജയിലില്‍ എത്തി ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ സുനിക്ക് ഫോണ്‍ ലഭിച്ചുവെന്നുമാണ് ജിന്സണ് പറഞ്ഞത്.