ലൊസാഞ്ചൽസ്: ചലച്ചിത്ര മേഖലയിലെ ലൈംഗിക ആരോപണ കേസുകൾ ഓരോ ദിവസവും വർധിച്ച് വരുകയാണ്.
അമേരിക്കൻ ചലച്ചിത്ര നിർമ്മാതാവ് ഹാർവി വെയ്ൻസ്റ്റെയ്നെതിരെ ശക്തമായ ആരോപങ്ങളാണ് പ്രമുഖ താരങ്ങളടക്കം ഉന്നയിച്ചിരുന്നത്.
ഹോളിവുഡിൽ നിന്ന് മറ്റൊരു പീഡനക്കേസ് കൂടി ഇപ്പോൾ പുറത്തെത്തിയിരിക്കുകയാണ്.
ഓസ്കർ നാമനിർദേശം ലഭിച്ച തിരക്കഥാകൃത്തും സംവിധായകനുമായ ജയിംസ് ടൊബാക്കിന് (72) എതിരെയാണ് പരാതി ലഭിച്ചിരിക്കുന്നത്.
താരങ്ങളാക്കാമെന്നു വാഗ്ദാനം നൽകി ജയിംസ് ലൈംഗികമായി പീഡിപ്പിച്ചെന്നുകാട്ടി 38 സ്ത്രീകളാണു പരാതി നൽകിയത്.
ലൈംഗിക അതിപ്രസരമുള്ള സംഭാഷണങ്ങളും സ്വയംഭോഗ പ്രദർശനങ്ങളും ഇയാൾ നടത്തിയെന്നും പരാതികളിൽ പറയുന്നതായി വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു.
എന്നാൽ ആരോപണങ്ങളെല്ലാം നിഷേധിച്ച ജയിംസ് പരാതിക്കാരായ സ്ത്രീകളെ കണ്ടിട്ടേയില്ലെന്ന് പ്രതികരിച്ചു.
നടിമാരായ ടെറി കോൺ, ഇക്കോ ഡാനൻ, ഗിറ്റാറിസ്റ്റും പാട്ടുകാരിയുമായ ലൂയിസ് പോസ്റ്റ് തുടങ്ങിയ 31 പേർ പരസ്യമായിത്തന്നെ ജയിംസിനെതിരെ ആരോപണമുന്നയിച്ചു.
‘എല്ലാവർക്കും ജോലി ചെയ്യേണ്ടതുണ്ട്. അതിനാൽ പലരും പലതും സഹിച്ചതാണ്’– ഡാനൻ പറഞ്ഞു.