തിരുവനന്തപുരം: ദുരൂഹ സാഹചര്യത്തില്‍ മരിച്ച വിദേശ വനിത ലിഗയുടെ സഹോദരി ഇലീസിനെ സഹായിക്കുന്ന ജ്വാല ഫൗണ്ടേഷന്‍ പ്രവര്‍ത്തക അശ്വതിക്കെതിരെ പൊലീസ് കേസെടുത്തത് വിവാദത്തില്‍. അശ്വതി പണം കൈപ്പറ്റിയെന്ന ആരോപണം വാസ്തവിരുദ്ധമാണെന്ന് വ്യക്തമാക്കി ഇലീസ് തന്നെ പരസ്യമായി രംഗത്തെത്തിയതോടെ വെട്ടിലായത് പൊലീസ്.
കോവളം അനില്‍കുമാര്‍ എന്നയാള്‍ നല്‍കിയ പരാതിയില്‍ നോട്ടിസ് പോലും നല്‍കാതെയാണ് അശ്വതിയെ ചോദ്യംചെയ്യലിന് ഹാജരാജാന്‍ പൊലീസ് കമ്മിഷണര്‍ ആവശ്യപ്പെട്ടത്. ഓഫീസിലെ ഫോണ്‍ വഴിയാണ് കമ്മീഷണര്‍ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ പറഞ്ഞത്.
വൈകുന്നേരത്തോടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട അശ്വതിയെ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ലിഗയുടെ തിരോധാനവുമായി ബന്ധപ്പെട്ട് അശ്വതി ബന്ധുക്കളില്‍ നിന്ന് പണംപിരിച്ചുവെന്ന് കോവളം സ്വദേശി ഒരു അനില്‍കുമാറാണ് ഡിജിപിക്ക് പരാതി നല്‍കിയത്. പരാതി ഐ.ജി മനോജ് ഏബ്രഹാമിന് കൈമാറി.
തെരുവില്‍ അലയുന്ന മാനസികാസ്വാസ്ഥ്യമുള്ളരെ സഹായിക്കുന്ന ജ്വാല ഫൗണ്ടേഷന്റെ അഞ്ചുവര്‍ഷത്തെ പ്രവര്‍ത്തനത്തില്‍ ഒരുപരാതിയും ഇതുവരെ ഉയര്‍ന്നിട്ടില്ലെന്നും . ഇപ്പോഴുയര്‍ന്ന ആരോപണങ്ങള്‍ വേദനിപ്പിക്കുന്നതാണെന്നും അശ്വതി പറഞ്ഞു.
അതേസമയം, അശ്വതിക്കെതിരെ കേസെടുക്കുന്നത് ഫാസിസമാണെന്ന ആരോപണവുമായി പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല രംഗത്തെത്തി. ദേഹാസ്വാസ്ഥ്യത്തെത്തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച അശ്വതിയെ കെ.പി.സി.സി മുന്‍ അധ്യക്ഷന്‍ വി.എം.സുധീരന്‍ സന്ദര്‍ശിച്ചു.