ചെന്നൈ: വിജയ് ടിവിയില്‍ സംപ്രേക്ഷണം ചെയ്ത് വരുന്ന ‘ബിഗ് ബോസ്’ എന്ന റിയാലിറ്റി ഷോയ്ക്കിടെ വെള്ളാര്‍ സമുദായത്തെ ആധിക്ഷേപിച്ചെന്ന് ആരോപിച്ച് നടന്‍ കമല്‍ഹാസനെതിരെ മാനനഷ്ടകേസ്.
വെള്ളാര്‍ സമുദായം അദ്ധ്യക്ഷന്‍ കെ.ആര്‍ കുഹേഷ് ആണ് ചെന്നൈ മെട്രോ പൊളിറ്റന്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ കമലിനെതിരെ മാനനഷ്ടകേസ് നല്‍കിയത്.
വെള്ളാര്‍ സമുദായം പവിത്രമായി കാണുന്ന ‘നാദസ്വരം’ എന്ന സംഗീത ഉപകരണത്തെ ഷോയ്ക്കിടെ തമിഴ് നടന്‍ ശക്തി തികച്ചും അവഞ്ജതയോടെ കൈകാര്യം ചെയ്‌തെന്നും, മത്സരാര്‍ത്ഥികളും മറ്റും ഭക്ഷണം കഴിക്കുന്ന മേശപ്പുറത്ത് അലക്ഷ്യമായി വയ്ക്കുകയും ചെയ്‌തെന്നാണ് കുഹേഷ് പരാതിയില്‍ ഉന്നയിച്ചിരിക്കുന്നത്.
ഇക്കാര്യം കമലിനും സംഘാടകര്‍ക്കും അറിയാമായിരുന്നിട്ടും അവര്‍ തടയാന്‍ ശ്രമിച്ചില്ലെന്നും ഇത് തങ്ങളുടെ സമുദായത്തെ മന:പൂര്‍വ്വം അവഹേളിക്കാനുള്ള നീക്കമായിരുന്നെന്നും പരാതിയില്‍ ആരോപിക്കുന്നു.
മുന്‍പും കമലിന്റെ ‘ബിഗ് ബോസ്’ ഷോ ആരോപണങ്ങളില്‍ പെട്ടിരുന്നു. മറ്റൊരു മത്സരാര്‍ത്ഥിയായ ആരവിനോടുള്ള പ്രണയ തകര്‍ച്ചയെ തുടര്‍ന്ന നടി ഓവിയ ആത്മഹത്യയ്ക്ക് ശ്രമിച്ചത് വലിയ വാര്‍ത്തയായിരുന്നു.