‘നാളെ നിങ്ങളുടെ അഹങ്കാരവും പൊളിയും’; ഉദ്ധവിനെ വെല്ലുവിളിച്ച കങ്കണയ്‌ക്കെതിരെ കേസ്

മുംബൈ: മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെയും ബോളിവുഡ് നടി കങ്കണ റണാവത്തും തമ്മിലുള്ള പോര് മുറുകുന്നു. മുഖ്യമന്ത്രി ഉദ്ധവ് താക്കറെയ്‌ക്കെതിരെ സമൂഹമാധ്യമത്തില്‍ നടത്തിയ പ്രസ്താവനയുടെ പേരിലാണു വിഖ്രോളി പൊലീസ് കേസ് റജിസ്റ്റര്‍ ചെയ്തത്. മുംബൈയില്‍ നടിയുടെ ബംഗ്ലാവിന്റെ ഒരു ഭാഗം പൊളിച്ചടുക്കിയതിനു പിന്നാലെയാണു അടുത്ത നടപടി. കങ്കണ ലഹരി ഉപയോഗിച്ചിരുന്നെന്നും തന്നെ നിര്‍ബന്ധിച്ചെന്നുമുള്ള മുന്‍ കാമുകന്‍ അധ്യായന്‍ സുമന്റെ വെളിപ്പെടുത്തലിന്റെ പേരില്‍ മുംബൈ പൊലീസും നടിക്കെതിരെ കേസെടുത്തിരുന്നു.

‘നാളെ നിങ്ങളുടെ അഹങ്കാരം പൊളിയും’ എന്നായിരുന്നു കങ്കണയുടെ മുന്നറിയിപ്പ്. ‘ഉദ്ധവ് താക്കറെ, ഇപ്പോള്‍ നിങ്ങള്‍ എന്റെ വീട് പൊളിച്ചു. ജനാധിപത്യത്തിന്റെ അന്ത്യമാണിത്. നാളെ നിങ്ങളുടെ അഹങ്കാരം പൊളിയും. എന്റെ ഓഫീസ് രാമക്ഷേത്രമാണ്. ബാബറുടെ സേനയാണ് അതു തകര്‍ത്തത്. ക്ഷേത്രം ഞാന്‍ പുനര്‍നിര്‍മിക്കും’ എന്നായിരുന്നു കങ്കണയുടെ വാക്കുകള്‍.

കഴിഞ്ഞദിവസം കങ്കണ മുംബൈയില്‍ എത്തുമ്പോഴേക്കും അവരുടെ ബംഗ്ലാവിന്റെ ഒരു ഭാഗം ബിഎംസി പൊളിച്ചുമാറ്റിയിരുന്നു. നടി നഗരത്തില്‍ മടങ്ങിയെത്തുന്നതിന് ഏതാനും മണിക്കൂര്‍ മുന്‍പായിരുന്നു ഇടിച്ചു നിരത്തല്‍. അനധികൃത നിര്‍മാണത്തിന്റെ പേരിലുള്ള നടപടി നിര്‍ത്താന്‍ ബിഎംസിയോട് ബോംബെ ഹൈക്കോടതി നിര്‍ദേശിച്ചെങ്കിലും അതിനകം പൊളിക്കല്‍ ആരംഭിച്ചിരുന്നു. സ്റ്റേ ഉത്തരവ് വന്നതിനെത്തുടര്‍ന്ന് നടപടി നിര്‍ത്തിവയ്ക്കുകയായിരുന്നു. അതേസമയം, കങ്കണ നല്‍കിയ ഹര്‍ജി 22ന് പരിഗണിക്കാന്‍ മാറ്റി.

Top