വ്യാജ പേരില്‍ കോവിഡ് പരിശോധന; കെ എം അഭിജിത്തിനെതിരെ കേസ്

തിരുവനന്തപുരം: കോവിഡ് ടെസ്റ്റില്‍ വ്യാജ വിരങ്ങള്‍ നല്‍കിയെന്നാരോപിച്ച് കെഎസ്യു സംസ്ഥാന പ്രസിഡന്റ് കെ.എം അഭിജിത്തിനെതിരെ കേസ്. ആള്‍മാറാട്ടം, പകര്‍ച്ചവ്യാധി നിരോധനാ ആക്ട്, എന്നിവ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. അഭിജിത്തിനെ പോത്തന്‍കോട്ടെ ആരോഗ്യ പ്രവര്‍ത്തകര്‍ തിരിച്ചറിഞ്ഞിരുന്നു.

ഇന്നലെയാണ് കെഎസ്യു സംസ്ഥാന പ്രസിഡന്റ് കെ.എം അഭിജിത്ത് വ്യാജ പേരും, മേല്‍വിലാസവും ഉപയോഗിച്ച് കൊവിഡ് പരിശോധന നടത്തിയെന്ന് പോത്തന്‍കോട് പഞ്ചായത്ത് പരാതി നല്‍കുന്നത്. കെ.എം അബിയെന്ന പേരില്‍ മറ്റൊരു കെ.എസ്.യു നേതാവിന്റെ വീട്ടുവിലാസത്തില്‍ എത്തി പരിശോധന നടത്തിയെന്നും കൊവിഡ് സ്ഥിരീകരിച്ചതോടെ കാണാനില്ലെന്നുമാണ് പൊലീസില്‍ പരാതി നല്‍കിയത്.

അതേസമയം, പരാതി നിഷേധിച്ച് അഭിജിത്ത് ഫേസ്ബുക്കില്‍ പോസ്റ്റ് ഇട്ടിട്ടുണ്ട്. തന്നെ കുറിച്ച് പ്രചരിക്കുന്നത് അടിസ്ഥാനരഹിതമായ ആരോപണമാണെന്നും പരിശോധനയ്ക്ക് എത്തിയത് സഹഭാരവാഹിയായ ബാഹുലിനൊപ്പമാണെന്നും അഭിജിത്ത് പോസ്റ്റില്‍ വ്യക്തമാക്കി. കൊവിഡ് പോസിറ്റീവായതിന് ശേഷം ആരോഗ്യ വകുപ്പുമായി ബന്ധപ്പെട്ടിരുന്നുവെന്നും അഭിജിത്ത് പറഞ്ഞു.

Top