മലപ്പുറം: അടുത്ത വീട്ടില്‍ നിന്ന് ഭക്ഷണം വാങ്ങിക്കഴിച്ചതിന് സ്വന്തം മക്കളെ ചട്ടുകം പഴുപ്പിച്ച് പൊള്ളിച്ചതിന് അമ്മയ്ക്കെതിരെ കേസ്. മലപ്പുറം കോട്ടക്കലില്‍, ആറും മൂന്നും വയസുള്ള കുട്ടികളെയാണ് തമിഴ്നാട് സ്വദേശിയായ നാടോടി സ്ത്രീ ക്രൂരമായി ശിക്ഷിച്ചത്.
സ്ത്രീയും ഒപ്പമുണ്ടായിരുന്ന പുരുഷനും കുട്ടികളെ തനിച്ചാക്കി രണ്ട് ദിവസം മുമ്പ് കോഴിക്കോട്ടേക്ക് പോയിരുന്നു. ഇതിനിടെ വിശപ്പ് സഹിക്കാതെ കുട്ടികള്‍ അടുത്ത വീട്ടില്‍ നിന്ന് ഭക്ഷണം വാങ്ങി കഴിക്കുകയായിരുന്നു. തിരിച്ചെത്തി ഇതറിഞ്ഞ അമ്മ ചട്ടുകം പഴുപ്പിച്ച് പൊള്ളലേല്‍പ്പിക്കുകയായിരുന്നു.
കുട്ടികളുടെ കരച്ചില് കേട്ട സമീപവാസികളാണ് ചൈല്‍ഡ് ലൈനേയും പൊലീസിനേയും വിവരം അറിയിച്ചത്. കുട്ടികളുടെ കൈകളിലും കാലുകളിലുമാണ് പൊള്ളലേറ്റത്. കുട്ടികളെ രണ്ടത്താണിയിലെ ശാന്തിഭവനിലേക്ക് മാറ്റി.