ലാഹോര്‍: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്യുകയും നഗ്‌നദൃശ്യങ്ങള്‍ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്ത സുഹൃത്തിനെ സഹായിച്ചതിന് സ്പിന്നര്‍ യാസിര്‍ ഷാക്കെതിരെ പൊലീസ് കേസെടുത്തു.
ആരെയും അറിയിക്കരുതെന്ന് യാസിര്‍ ഷാ ഭീഷണിപ്പെടുത്തിയതായും പെണ്‍കുട്ടി നല്‍കിയ പരാതിയിലുണ്ട്. യാസിറിന്റെ സുഹൃത്തായ ഫര്‍ഹാന്‍ തന്നെ തട്ടിക്കൊണ്ടുപോകുകയും തോക്കു ചൂണ്ടി ബലാത്സംഗം ചെയ്യുകയും അത് ചിത്രീകരിക്കുകയും ചെയ്തുവെന്നാണ് പെണ്‍കുട്ടി നല്‍കിയ പരാതി. ദൃശ്യങ്ങള്‍ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്ന് പെണ്‍കുട്ടി പറയുന്നു.
സഹായത്തിനായി യാസിറിനെ വാട്‌സ് ആപ്പില്‍ ബന്ധപ്പെട്ടെപ്പോള്‍ ചിരിച്ചു തള്ളുകയായിരുന്നെന്നും സംഭവത്തെക്കുറിച്ച് പുറുത്തു പറയാതിരിക്കാന്‍ തന്നെ ഭീഷണിപ്പെടുത്തിയെന്നും പരാതിയില്‍ പറയുന്നു. പൊലീസില്‍ പരാതിപ്പെട്ടപ്പോള്‍ സംഭവം പുറത്തു പറയാതിരിക്കാനായി 18 വയസ് തികയുന്നത് വരെ തനിക്ക് ഫ്‌ളാറ്റും മാസം ചെലവിനുള്ള പണവും തരാമെന്ന് യാസിര്‍ വാഗ്ദാനം ചെയ്തുവെന്നും പരാതിയിലുണ്ട്.
അതേസമയം, പരാതിയെക്കുറിച്ച് യാസിര്‍ ഇതുവരെ പ്രതികരണമറിയിച്ചിട്ടില്ല. സംഭവത്തില്‍ വിവരങ്ങള്‍ ശേഖരിച്ചു വരികയാണെന്നും പൂര്‍ണ വിവരങ്ങള്‍ ലഭ്യമായതിനു ശേഷം പ്രതികരിക്കാമെന്നും പാക് ക്രിക്കറ്റ് ബോര്‍ഡ് വ്യക്തമാക്കി. പരിക്ക് കാരണം പാക്കിസ്ഥാന്റെ ബംഗ്ലാദേശ് പര്യടനത്തില്‍ യാസിര്‍ കളിച്ചിരുന്നില്ല. പാക്കിസ്ഥാനു വേണ്ടി 46 ടെസ്റ്റുകള്‍ കളിച്ചിട്ടുള്ള യാസിര്‍ ഷാ 235 വിക്കറ്റെടുത്തിട്ടുണ്ട്. 41 റണ്‍സ് വഴങ്ങി എട്ടു വിക്കറ്റെടുത്തതാണ് മികച്ച പ്രകടനം