കോഴിക്കോട്: കൊച്ചിയില്‍ ആക്രമണത്തിനിരയായ നടിയുടെ പേര് ചാനലിലൂടെ വെളിപ്പെടുത്തിയെന്ന പരാതിയില്‍ പി.സി.ജോര്‍ജ് എംഎല്‍എക്കെതിരേ കോഴിക്കോട് മെഡിക്കല്‍ കോളേജ് പൊലീസ് കേസെടുത്തു.
പി.സി ജോര്‍ജിനെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്താന്‍ കുന്നമംഗലം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ഉത്തരവിട്ടിരുന്നു, ഇതിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് നടപടി.
2017 ജൂലൈ 14ന് സ്വകാര്യ ചാനലില്‍ നടന്ന പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കവെ പി.സി ആക്രമണത്തിനിരയായ നടിയുടെ പേര് വെളിപ്പെടുത്തുകയും മോശമായി സംസാരിക്കുകയും ചെയ്തുവെന്നാണ് കേസ്.
പി.സി ജോര്‍ജിനെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് പൊതുപ്രവര്‍ത്തകനായ എറണാകുളം കളമശ്ശേരി സ്വദേശി ഗിരീഷ് ബാബു പൊലീസിന് പരാതി നല്‍കിയിരുന്നു.
എന്നാല്‍ മെഡിക്കല്‍ കോളേജ് പൊലീസ് ഇത് നിരസിക്കുകയാണുണ്ടായത്. ഇതേതുടര്‍ന്നാണ് ഹര്‍ജിക്കാരന്‍ സ്വകാര്യ അന്യായമായി കുന്നമംഗലം മജിസ്‌ട്രേറ്റ് കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചത്.
ഈ ഹര്‍ജിയിലാണ് കേസെടുത്ത് അന്വേഷണം നടത്താന്‍ കോടതി ഉത്തരവിട്ടത്.
പി.സിക്കെതിരെ 228/എ വകുപ്പ് പ്രകാരമാണ് കേസ്. സ്വകാര്യ ചാനല്‍ മെഡിക്കല്‍ കോളേജ് സ്റ്റേഷന്റെ പരിധിയിലായതിനാലാണ് ഇവിടെ കേസെടുക്കാന്‍ കോടതി നിര്‍ദേശിച്ചത്.