കൊച്ചി: വിവാദ മതപ്രഭാഷകന്‍ സാക്കിര്‍ നായികിന്റെ ഉടമസ്ഥതയിലുള്ള പീസ് ഇന്റര്‍നാഷണല്‍ സ്‌കൂളിനെതിരെ കേസെടുത്തു. മതേതരമല്ലാത്ത സിലബസ് പഠിപ്പിക്കുന്നു എന്നാരോപിച്ചാണ് കേസെടുത്തിട്ടുള്ളത്.
സമുദായസ്പര്‍ധ വളര്‍ത്തുന്ന പാഠഭാഗം സിലബസിലുണ്ടെന്ന് എറണാകുളം വിദ്യാഭ്യാസ ഓഫീസര്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഇതേതുടര്‍ന്നാണ് ജാമ്യമില്ലാക്കുറ്റം ചുമത്തി പാലാരിവട്ടം പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്.
പീസ് ഇന്റര്‍നാഷണല്‍ ഫൗണ്ടേഷന്‍ ശൃംഖലയിലെ 12 സ്‌കൂളുകള്‍ക്കെതിരെയാണ് കേസെടുത്തിട്ടുള്ളത്. ഇതിന്റെ ഡയറക്ടര്‍മാരായ മൂന്നു വ്യവസായികള്‍ക്കെതിരെയും കേസെടുത്തിട്ടുണ്ട്. എറണാകുളം ഒന്നാം ക്ലാസ് ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ ഇവര്‍ക്കെതിരേ പ്രഥമവിവര റിപ്പോര്‍ട്ട് പൊലീസ് കഴിഞ്ഞ ദിവസം സമര്‍പ്പിച്ചു.
12 സ്‌കൂളുകളുടെ പ്രവര്‍ത്തനം ഏറെക്കാലമായി കേന്ദ്രസംസ്ഥാന ഇന്റലിജന്‍സ് വിഭാഗങ്ങള്‍ നിരീക്ഷിച്ചു വരുകയായിരുന്നു. സംസ്ഥാനത്തുള്ള സ്‌കൂളിന്റെ സിലബസില്‍ സംശയം തോന്നിയതിനെത്തുടര്‍ന്ന് പൊലീസിന്റെ പ്രത്യേക സംഘം ഇക്കാര്യം വിദ്യാഭ്യാസവകുപ്പിന്റെ ശ്രദ്ധയില്‍പ്പെടുത്തുകയായിരുന്നു.
ഇതനുസരിച്ച് ജില്ലാ വിദ്യാഭ്യാസ ഓഫീസറോടു അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ നിര്‍ദേശിച്ചു. ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ നടത്തിയ അന്വേഷണത്തിലാണ് ഇക്കാര്യം വ്യക്തമായത്. മതനിരപേക്ഷമല്ലാത്ത സിലബസാണ് പാഠപുസ്തകത്തില്‍ ഉള്‍പ്പെടുത്തിയതെന്ന് ജില്ലാ വിദ്യാഭ്യാസ ഓഫീസറുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. സ്‌കൂള്‍ സിലബസ് ദേശവിരുദ്ധമാണെന്നും പൊലീസ് അറിയിച്ചു.
ഐ.എസില്‍ ചേര്‍ന്നെന്ന് സംശയിക്കുന്ന മലയാളി മെറിന്‍ ജേക്കബ്, ഭര്‍ത്താവ് ബെസ്റ്റിന്‍ എന്നിവര്‍ കൊച്ചിയിലെ രണ്ട് സ്‌കൂളുകളിലും അധ്യാപകരായിരുന്നു. ഇസ്ലാമിക് സ്‌റ്റേറ്റില്‍ പ്രവര്‍ത്തിക്കന്‍ കേരളം വിട്ടവരിലേറെയും പീസ് ഇന്റര്‍നാഷണല്‍ സ്‌കൂളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചവരാണെന്നും പൊലീസും രഹസ്യാന്വേഷണ വിഭാഗവും കണ്ടെത്തിയിരുന്നു.