ക്രൂരതയ്ക്ക് വിലങ്ങ്‌; വലിയതുറയില്‍ ട്രാന്‍സ്‌ജെഡറിനെ ആക്രമിച്ച സംഭവത്തില്‍ കേസെടുക്കും

trans

തിരുവനന്തപുരം: വലിയതുറയില്‍ ട്രാന്‍സ്‌ജെഡറിനെ ആക്രമിച്ച സംഭവത്തില്‍ കേസെടുക്കും. സംഭവത്തില്‍ ട്രാന്‍സ്‌ജെന്‍ഡര്‍ കൂട്ടായ്മ നല്‍കിയ പരാതിയിലാണ് കേസെടുക്കാന്‍ തീരുമാനിച്ചിരിക്കുന്നത്.

ഉടന്‍തന്നെ കേസെടുത്ത് നടപടികള്‍ കൈക്കൊള്ളാന്‍ വലിതുറ പൊലീസിന് തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണര്‍ നിര്‍ദ്ദേശം നല്‍കി.

കഴിഞ്ഞ ദിവസമാണ്, വലിയതുറയില്‍ കുട്ടികളെ തട്ടിക്കൊണ്ടു പോകാന്‍ വേഷം മാറി വന്ന ആളെന്നാരോപിച്ച് ട്രാന്‍സ്‌ജെന്‍ഡറിനെ ആളുകള്‍ മര്‍ദ്ദിച്ചത്.

തിരുവനന്തപുരം സ്വദേശിനിയായ ഇവര്‍ ഏറെ നാളുകളായി നാഗര്‍കോവിലാണ് താമസം. രണ്ടു ദിവസം മുമ്പാണ് ഇവിടെ എത്തിയത്. വീടോ വീട്ടുകാരോ ഇല്ലാത്ത ഇവര്‍ വലിയതുറ ബീച്ചില്‍ അലഞ്ഞുതിരിയവേ ആണ് കൂട്ടമായ ആക്രമണം ഉണ്ടായത്.

ഇവരുടെ മൊബൈല്‍ ഫോണ്‍ പിടിച്ചുവാങ്ങിയ നാട്ടുകാര്‍ അതിലെ നമ്പറുകളിലേക്ക് വിളിച്ചു. ഇതിനിടെ ചിലര്‍ ഇവരെ അസഭ്യം വിളിക്കുകയും ക്രൂരമായി മര്‍ദ്ദിക്കുകയും ചെയ്തു.

നാട്ടുകാരില്‍ ചിലര്‍ വസ്ത്രങ്ങള്‍ വലിച്ചുകീറി. സംഭവം അറിഞ്ഞു വലിയതുറ പൊലീസ് എത്തുമ്പോഴേക്കും ഭിന്നലിംഗക്കാരിക്ക് ക്രൂരമര്‍ദ്ദനമേറ്റിരുന്നു. സംഭവമറിഞ്ഞെത്തിയ പൊലീസ് ഇടപെട്ടാണ് ഇവരെ രക്ഷിച്ച് ആശുപത്രിയില്‍ എത്തിച്ചത്.

Top