തിരുവനന്തപുരം: ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി ശോഭാ സുരേന്ദ്രനെതിരെ പൊലീസ് കേസ്. ശബരിമല ഡ്യൂട്ടിയിലുണ്ടായിരുന്ന എസ്.പി യതീഷ് ചന്ദ്രക്കെതിരെ ഭീഷണിപ്രസംഗം നടത്തിയതിന്റെ പേരിലാണ് കണ്ണൂര്‍ ടൗണ്‍ പോലീസ് കേസെടുത്തത്.
കെ. സുരേന്ദ്രനെ അറസ്റ്റ്‌ചെയ്തു ജയിലിലടച്ചതില്‍ പ്രതിഷേധിച്ചു ബിജെപി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കണ്ണൂര്‍ എസ്പി ഓഫീസിലേക്കു നടത്തിയ മാര്‍ച്ചിന്റെ ഉദ്ഘാടനത്തിനിടെയായിരുന്നു വിവാദ പ്രസംഗം.
ബൂട്ടിട്ട യതീഷിന്റെ കാല്‍ എത്ര ദൂരം പൊന്തുമെന്ന് ഇനി കാണണം. ലാത്തിയേക്കാള്‍ വലിയ ശക്തി ഞങ്ങള്‍ക്കുണ്ട്. ഞങ്ങള്‍ മുറപ്രയോഗം നടത്താന്‍ തീരുമാനിച്ചാല്‍ കാലു പൊന്തിക്കാനാവില്ലെന്നു യതീഷ് ചന്ദ്ര ഓര്‍ക്കണം. അതുകൊണ്ട് നീതിയും നിയമവും ലംഘിക്കാന്‍ പൊലീസ് വരരുതെന്നും ശോഭ പറഞ്ഞു
അയ്യപ്പന്റെ പൂങ്കാവനത്തില്‍ ബൂട്ടിട്ട പൊലീസിനെ അയച്ചു സംഘര്‍ഷമുണ്ടാക്കിയ പിണറായിക്ക് അയ്യപ്പന്റെ ശാപം ഏറ്റുകഴിഞ്ഞു. അയ്യപ്പഭക്തരോടു കാണിച്ച ക്രൂരതയുടെ സര്‍ട്ടിഫിക്കറ്റ് ലോകം പിണറായിക്ക് നല്‍കും. അഭിനവ ഹിരണ്യ കശിപുവായ പിണറായിയെ ജനം തെരുവില്‍ കുറ്റവിചാരണ നടത്തുമെന്നും ശോഭാ സുരേന്ദ്രന്‍ പറഞ്ഞിരുന്നു.