കൊച്ചി: മുന്‍ ഡിജിപി ടി.പി. സെന്‍കുമാറിനെതിരെ കുറ്റം കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്നു പൊലീസ്. മതസ്പര്‍ധ വളര്‍ത്തുന്ന അഭിമുഖം നല്‍കിയെന്ന കേസിലാണ് സെന്‍കുമാറിനെതിരെ കുറ്റം കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്നു പൊലീസ് ഹൈക്കോടതിയെ അറിയിച്ചത്.
കേസന്വേഷണം വേഗത്തില്‍ പൂര്‍ത്തിയാക്കണമെന്നാവശ്യപ്പെട്ടു ടി.പി. സെന്‍കുമാര്‍ നല്‍കിയ ഹര്‍ജി ഈ വിശദീകരണത്തെത്തുടര്‍ന്നു ഹൈക്കോടതി തീര്‍പ്പാക്കി.
ഒരു ഓണ്‍ലൈന്‍ പ്രസിദ്ധീകരണത്തിനു നല്‍കിയ അഭിമുഖത്തിന്റെ പേരില്‍ മുസ്‌ലിം ലീഗ് നേതാവ് പി.കെ. ഫിറോസ് നല്‍കിയ പരാതിയിലായിരുന്നു സെന്‍കുമാറിനെതിരേ കേസെടുത്തത്.
എന്നാല്‍, സെന്‍കുമാറിനെതിരേ കുറ്റം കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്നും അന്വേഷണം മുന്നോട്ടു കൊണ്ടുപോകാനാവില്ലെന്നും സൈബര്‍ ക്രൈം പൊലീസ് സ്റ്റേഷന്‍ സിഐ കെ.ആര്‍. ബിജുവിന്റെ സ്റ്റേറ്റ്‌മെന്റില്‍ പറയുന്നു.
കേരള അഡ്മിനിസ്‌ട്രേറ്റീവ്‌ട്രൈബ്യൂണല്‍ അംഗമായി നിയമിക്കാന്‍ തന്റെ പേര് പരിഗണിക്കുന്നതിനിടെ നിയമനം വൈകിപ്പിക്കാന്‍ മനഃപൂര്‍വം കേസന്വേഷണം നീട്ടിക്കൊണ്ടുപോവുന്നുവെന്നായിരുന്നു സെന്‍കുമാറിന്റെ വാദം.