ബെംഗളുരു: സനാത ധര്‍മത്തെക്കുറിച്ച് നടത്തിയ പരാമര്‍ശത്തിന് പിന്നാലെ, നടന്‍ പ്രകാശ് രാജിനെതിരെ വധഭീഷണി മുഴക്കുന്ന വിഡിയോ പ്രചരിപ്പിച്ചതിന് യൂട്യൂബ് ചാനലിനെതിരെ ബെംഗളൂരുവിലെ അശോക് നഗര്‍ പൊലീസ് എഫ്‌ഐആര്‍ റജിസ്റ്റര്‍ ചെയ്തു. പ്രകാശ് രാജിന്റെ പരാതിയില്‍ ടിവി വിക്രമ എന്ന യൂട്യൂബ് ചാനലിനെതിരെയാണ് നടപടി.
തന്റെ ജീവനും കുടുംബത്തിന്റെ സുരക്ഷയ്ക്കും ഭീഷണി ഉയര്‍ത്തുന്ന പ്രകോപനപരമായ പരാമര്‍ശങ്ങള്‍ ടിവി വിക്രമ എന്ന യൂട്യൂബ് ചാനല്‍ പോസ്റ്റ് ചെയ്തതായി പ്രകാശ് രാജ് നല്‍കിയ പരാതിയില്‍ പറയുന്നു. ഐപിസി സെക്ഷന്‍ 506, 504, 505 (2) എന്നിവ പ്രകാരമാണ് പൊലീസ് കേസ് റജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
തമിഴ്നാട് മന്ത്രിയും ഡിഎംകെ നേതാവുമായ ഉദയനിധി സ്റ്റാലിന്‍ സനാതന ധര്‍മത്തിനെതിരേ നടത്തിയ പരാമര്‍ശത്തിന്റെ പശ്ചാത്തലത്തിലായിരുന്നു പ്രകാശ് രാജിന്റെ പ്രതികരണം. സനാതന ധര്‍മത്തിനും ഹിന്ദുത്വത്തിനും വേണ്ടി ആക്രമണോത്സുകമായി വാദിക്കുന്നവര്‍ ഹിന്ദുമതത്തിന്റെ യഥാര്‍ഥ പ്രതിനിധികളല്ലെന്നും അവസരവാദികളാണെന്നും രാഷ്ട്രീയ ആവശ്യങ്ങള്‍ക്കായി മുതലെടുക്കുകയാണെന്നും പ്രകാശ് രാജ് പറഞ്ഞിരുന്നു.