മലപ്പുറം: പി.വി അന്‍വര്‍ എം.എല്‍.എ പ്രതിയായിരുന്ന മനാഫ് വധക്കേസിലെ കേസ് ഡയറി എടവണ്ണ പോലീസ് സ്‌റ്റേഷനില്‍ മുക്കിയതിനാലാണ് അന്‍വറിന്റെ സഹോദരീപുത്രന്‍മാരടക്കം നാലു പ്രതികളെ 23 വര്‍ഷമായി പിടികൂടാത്തതെന്ന് മനാഫിന്റെ സഹോദരന്‍. കോടതിയില്‍ നിന്നും കേവലം 20 കിലോ മീറ്റര്‍ മാത്രം അകലെയുള്ള പോലീസ് സ്‌റ്റേഷനില്‍ കേസ് ഡയറി ഉണ്ടെങ്കില്‍ ഇന്നോ, നാളെയോ കോടതിയില്‍ ഹാജരാക്കാന്‍ തയ്യാറാകുമോ എന്നും മനാഫിന്റെ അഭിഭാഷകന്‍ ചോദിച്ചു. ഈ ചോദ്യത്തോട് മൗനം പാലിക്കുകയായിരുന്നു പ്രോസിക്യൂട്ടര്‍.
കേസിലെ പിടികിട്ടാപ്രതികളിലൊരാളായ നിലമ്പൂര്‍ ജനതപ്പടി സ്വദേശി മുനീര്‍, പി.വി അന്‍വറിനെ കക്കാടംപൊയിലിലെ വിവാദ വാട്ടര്‍തീം പാര്‍ക്കില്‍ സെക്യൂരിറ്റി ജീവനക്കാരനായി ജോലിനോക്കിയിരുന്നതായും കോടതിയെ അറിയിച്ചു. വാട്ടര്‍ തീം പാര്‍ക്ക് നിയമവിരുദ്ധമായി പ്രവര്‍ത്തിക്കുന്നത് മാധ്യമവാര്‍ത്തയായതോടെയാണ് ഇവിടെ നിന്നും മാറ്റിയത്.
കേസ് ഡയറി പോലീസ് സ്റ്റഷനില്‍ ഇല്ലാത്തതിനാലാണ് ഇതുവരെയും ലുക്ക് ഔട്ട് നോട്ടീസ് പോലും പുറത്തിറക്കാഞ്ഞത്. കോടതി റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടും രണ്ടു പ്രതികളുടെ വയസും വീട്ടുനമ്പറുപോലും പൊലീസ് റിപ്പോര്‍ട്ടില്‍ പറഞ്ഞിട്ടില്ല. ഓരോ മൂന്നു മാസവും വാറണ്ടു പ്രതികളുടെ വിവരങ്ങള്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ അറിയിക്കേണ്ടതാണ്.
സി.ഐ, ഡി.വൈ.എസ്.പി, എസ്.പി തുടങ്ങിയ പോലീസ് ഉദ്യോഗസ്ഥര്‍ വാറണ്ട് പ്രതികളെ പിടികൂടാന്‍ നടപടി സ്വീകരിക്കുകയും മേല്‍നോട്ടം വഹിക്കുകയും വേണം. കൊലപാതക്കേസ് പ്രതികളുടെ പാസ്‌പോര്‍ട്ട് വിവരങ്ങള്‍ സംബന്ധിച്ച് പാസ്‌പോര്‍ട്ട് ഓഫീസിലും അവരുള്ള ബന്ധപ്പെട്ട വിദേശരാജ്യത്തെ ഇന്ത്യന്‍ എംബസിയെയും അറിയിക്കേണ്ടതാണ്. അങ്ങിനെയെങ്കില്‍ പാസ്‌പോര്‍ട്ട് പുതുക്കുന്ന വേളയില്‍ ഇവരെ പിടികൂടാമായിരുന്നു.
ടി.പി സെന്‍കുമാര്‍ ഡി.ജി.പിയായിരുന്ന വേളയില്‍ ദീര്‍ഘവാറണ്ട് പ്രതികളെ പിടികൂടാന്‍ പോലീസ് നടത്തിയ പ്രത്യേക ഓപ്പറേഷനില്‍ നിന്നും മനാഫ് വധക്കേസ് പ്രതികളെ പിടികൂടാതെ രക്ഷപ്പെടുത്തിയത് പ്രതികളുടെ പോലീസ്, രാഷ്ട്രീയ സ്വാധീനമാണെന്നും മനാഫിന്റെ സഹോദരന്‍ ആരോപിച്ചു.