മനാഫ് വധക്കേസ് ; പ്രതികളെ പിടികൂടാന്‍ ലുക്കൗട്ട് നോട്ടീസിറക്കാന്‍ കോടതി ഉത്തരവ്

manaf

മലപ്പുറം: യൂത്ത് ലീഗ് പ്രവര്‍ത്തകന്‍ പള്ളിപ്പറമ്പന്‍ മനാഫ് വധക്കേസില്‍ 23 വര്‍ഷമായി ഒളിവില്‍ കഴിയുന്ന പി.വി അന്‍വര്‍ എം.എല്‍.എയുടെ സഹോദരീപുത്രന്‍മാരടക്കം നാലു പ്രതികളെ പിടികൂടാന്‍ ഇനി പോലീസിന് കൈവിറയ്ക്കരുത്. ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ച് പ്രതികളെ പിടികൂടാന്‍ മലപ്പുറം ജില്ലാ പോലീസ് സൂപ്രണ്ടിനോട് മഞ്ചേരി ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ഒന്ന് ഉത്തരവിട്ടതോടെ അറസ്റ്റിനുള്ള വഴിതെളിയുകയാണ്. മൂന്നു മാസത്തിനകം നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കണമെന്നും മജിസ്‌ട്രേറ്റ് റാഫേല്‍ ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്.

പി.വി അന്‍വര്‍ എം.എല്‍.എയുടെ സഹോദരീ പുത്രന്‍മാരായ എടവണ്ണ മുണ്ടേങ്ങര മാലങ്ങാടന്‍ ഷഫീഖ് (49), മാലങ്ങാടന്‍ ഷെരീഫ് (51) എന്നിവരും എളമരം ചെറുവായൂര്‍ പയ്യനാട്ട് തൊടിക എറക്കോടന്‍ കബീര്‍ (45)നിലമ്പൂര്‍ ജനതപ്പടിയിലെ കോട്ടപ്പുറം മുനീബ് (45) എന്നിവരാണ് ഒളിവിലുള്ളത്. ഇവരില്‍ മുനീബ് നിലമ്പൂരിലുണ്ടെന്ന് എസ്.പി കോടതിയെ അറിയിച്ചിരുന്നു.

വിദേശത്തുള്ള ഷഫീഖ്, ഷെരീഫ്, കബീര്‍ എന്നിവരെ ഇന്റര്‍പോളിന്റെ സഹായത്തോടെ അറസ്റ്റു ചെയ്യാനുള്ള നടപടിക്രമങ്ങള്‍ സ്വീകരിക്കേണ്ടത് ഇനി ജില്ലാ പോലീസ് സൂപ്രണ്ടാണ്.

മനാഫിനെ കൊലപ്പെടുത്തി 23 വര്‍ഷം കഴിഞ്ഞിട്ടും ഉന്നത രാഷ്ട്രീയ സ്വാധീനം കാരണം ഒന്നാം പ്രതിയടക്കം നാലു പ്രധാനപ്രതികളെ അറസ്റ്റു ചെയ്യുന്നില്ലെന്നു കാണിച്ച് കൊല്ലപ്പെട്ട മനാഫിന്റെ സഹോദരന്‍ പള്ളിപ്പറമ്പന്‍ അബ്ദുല്‍റസാഖാണ് കോടതിയെ സമീപിച്ചത്.

പ്രതികളിലൊരാളായ മുനീബ് പി.വി അന്‍വര്‍ എം.എല്‍.എയുടെ കക്കാടംപൊയിലിലെ വാട്ടര്‍തീം പാര്‍ക്കിലെ സെക്യൂരിറ്റി ജീവനക്കാരനായി ജോലി ചെയ്തിരുന്നതായും മനാഫിന്റെ സഹോദരന്‍ കോടതിയെ അറിയിച്ചിരുന്നു. പാര്‍ക്കിലെ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ മാധ്യമങ്ങള്‍ വാര്‍ത്തയാക്കി തുടങ്ങിയതോടെ മാധ്യമശ്രദ്ധഭയന്നാണ് ഇയാളെ ഇവിടെ നിന്നും മാറ്റിയതെന്നും വ്യക്തമാക്കിയിരുന്നു.

മലപ്പുറം എസ്.പി നടത്തിയ അന്വേഷണത്തില്‍ മുനീബ് ജോലിക്കായി കോയമ്പത്തൂരിലാണെന്നായിരുന്നു വീട്ടുകാരില്‍ നിന്നും ലഭിച്ച വിവരം. എന്നാല്‍ മൊബൈല്‍ ടവര്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തില്‍ ഇയാള്‍ നിലമ്പൂരിലുണ്ടെന്നു വ്യക്തമായിരുന്നു. ഇക്കാര്യവും കോടതിയില്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. മറ്റ് മൂന്നു പ്രതികളും വിദേശത്താണെന്നായിരുന്നു പോലീസിന്റെ അന്വേഷണ റിപ്പോര്‍ട്ട്.

1995 ഏപ്രില്‍ 13നാണ് പി.വി അന്‍വറിന്റെ വീടിന് വിളിപ്പാടകലെ എടവണ്ണ ഒതായി അങ്ങാടിയില്‍ നടുറോഡില്‍ പട്ടാപകല്‍ മനാഫിനെ അടിച്ചും കുത്തിയും കൊലപ്പെടുത്തിയത്. ഒന്നാം സാക്ഷി കൂറുമാറിയതിനെ തുടര്‍ന്നാണ് പി.വി അന്‍വര്‍ എം.എല്‍.എ എടക്കം 21 പ്രതികളെ ജില്ലാ സെഷന്‍സ് കോടതി വെറുതെവിട്ടത്.

കേസില്‍ സ്‌പെഷല്‍ പ്രോസിക്യൂട്ടറായിരുന്ന ഇന്നത്തെ ഡി.ജി.പി (ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍) സി. ശ്രീധരന്‍നായര്‍ പ്രതിഭാഗവുമായി ഒത്തുകളിച്ചാണ് അന്‍വര്‍ എം.എല്‍.എ അടക്കമുള്ള പ്രതികളെ വെറുതെവിട്ടതെന്നാണ് മനാഫിന്റെ ബന്ധുക്കളുടെ ആരോപണം. പ്രതികളെ വെറുതെവിട്ട സെഷന്‍സ് കോടതി വിധി റദ്ദാക്കണമെന്ന സര്‍ക്കാരിന്റെ അപ്പീലും മനാഫിന്റെ സഹോദരന്‍ അബ്ദുല്‍ റസാഖിന്റെ റിവിഷന്‍ ഹര്‍ജിയും ഹൈക്കോടതിയുടെ പരിഗണനയിലാണിപ്പോള്‍.

Top