തൃശൂര്‍: മാനേജരെ ഭീഷണിപ്പെടുത്തിയതിന് ചന്ദ്രബോസ് വധക്കേസ് പ്രതി നിസാമിനെതിരെ കേസ്.
ജയിലില്‍ നിന്ന് വിളിച്ച് ഭീഷണിപ്പെടുത്തിയതായി നിസാമിന്റെ മാനേജര്‍ നല്‍കിയിരിക്കുന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ്.
ഒരു ഫയല്‍ അടിയന്തരമായി ജയിലില്‍ എത്തിക്കണമെന്നും കേസ് നടത്തിപ്പിന് പണം വേണമെന്നും ആവശ്യപ്പെട്ടായിരുന്നു നിസാം വിളിച്ചത്.
തൃശൂര്‍ സിറ്റി പൊലീസിനാണ് സംഭാഷണത്തിന്റെ ശബ്ദരേഖ അടക്കം കിംഗ്‌സ് സ്‌പേസസ് എന്ന നിസാമിന്റെ സ്ഥാപനത്തിലെ മാനേജര്‍ ചന്ദ്രശേഖരന്‍ പരാതി നല്‍കിയത്. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. ഗുരുവായൂര്‍ എസിപിക്കാണ് അന്വേഷണചുമതല.
ജയിലില്‍ നിന്നും നിസാം ബിസിനസ് നിയന്ത്രിക്കുന്നുവെന്നും ഭീഷണിപ്പെടുത്തുന്നുവെന്നും നേരത്തെ പരാതി ഉയര്‍ന്നിരുന്നു.
ചൊവ്വാഴ്ചയാണ് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലെ ലാന്‍ഡ് ഫോണില്‍ നിന്നും ആണ് നിസാം വിളിച്ച് ഭീഷണിപ്പെടുത്തിയതെന്നും അസഭ്യം പറഞ്ഞതെന്നും തൃശൂര്‍ സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് നല്‍കിയ പരാതിയില്‍ ചന്ദ്രശേഖരന്‍ വ്യക്തമാക്കുന്നു.
രണ്ടുവര്‍ഷത്തിനിടയില്‍ നിസാമിനെ ജയിലില്‍ 20 തവണ പോയി കണ്ടിട്ടുണ്ടെന്നും ജയിലില്‍ ആണെങ്കിലും അദ്ദേഹം അപകടകാരിയാണെന്നും തന്റെയും കുടുംബത്തിന്റെയും സുരക്ഷ ഉറപ്പാക്കണമെന്നും ചന്ദ്രശേഖരന്‍ പരാതിയില്‍ പറയുന്നു.