മുഖ്യമന്ത്രിയുടെ വീട്ടിലെ പട്ടി ചത്ത സംഭവത്തില്‍ മൃഗഡോക്ടര്‍ക്കെതിരെ കേസെടുത്തു

ഹൈദരാബാദ്: തെലുങ്കാന മുഖ്യമന്ത്രി കെ.ചന്ദ്രശേഖറിന്റെ വീട്ടിലെ പട്ടി ചത്ത സംഭവത്തില്‍ മൃഗഡോക്ടര്‍ക്കെതിരെ കേസെടുത്തു. മൃഗങ്ങള്‍ക്കെതിരെയുള്ള ക്രൂരത തടയുന്ന നിയമമനുസരിച്ചാണ് ബഞ്ചാരാ ഹില്‍സില്‍ സ്വകാര്യ ക്ലിനിക് നടത്തുന്ന രണ്‍ജീത് എന്ന ഡോക്ടറുടെ പേരില്‍ ഹൈദരാബാദ് പോലീസാണ് കേസെടുത്തത്. മൃഗഡോക്ടര്‍ ബുധനാഴ്ച ഇന്‍ജക്ഷന് നല്‍കിയതിന് ശേഷമാണ് 11 മാസം പ്രായമുള്ള ഹസ്‌കി എന്ന പട്ടി ചത്തത്.

മുഖ്യമന്ത്രിയുടെ വസതിയിലെ വര്‍ത്തുനായ്ക്കളെ പരിപാലിക്കുന്ന ആസിഫ് അലി ഖാന്‍ എന്നയാളുടെ പരാതിയിലാണ് നടപടി. പൊലീസ് കേസ് റെജിസ്റ്റര്‍ ചെയ്യുകയും അന്വേഷണം ആരംഭിക്കുകയും ചെയ്തിട്ടുണ്ട്. ഡോക്ടറുടെയും ക്ലിനിക് ഇന്‍ ചാര്‍ജിന്റെയും അനാസ്ഥമൂലമാണ് മരണമെന്നാണ് പരാതിയില്‍ പറഞ്ഞിരിക്കുന്നത്.

‘ഹസ്‌കി’ എന്ന നായയെ സെപ്റ്റംബര്‍ പത്തിനാണ് ഭക്ഷണം കഴിക്കാത്തതിനെത്തുടര്‍ന്ന് മൃഗാശുപത്രിയിലെത്തിച്ചത്. കടുത്ത പനിയുണ്ടായിരുന്ന നായക്ക് ഡോക്ടര്‍ കുത്തിവെപ്പ് നല്‍കി. പിറ്റേദിവസം നായ ചത്തു. ഇത് ഡോക്ടറുടെ പിഴവാണെന്നാണ് മുഖ്യമന്ത്രിയുടെ വസതിയില്‍ വളര്‍ത്തുനായ്ക്കളെ പരിപാലിക്കുന്ന ആസിഫ് അലിഖാന്‍ നല്കിയ പരാതിയിലെ ആരോപണം. ഒന്‍പത് നായ്ക്കളാണ് മുഖ്യമന്ത്രിയുടെ ഔദ്യോഗികവസതിയായ പ്രഗതി ഭവനിലുള്ളത്.

അതേസമയം സംഭവത്തെ വിമര്‍ശിച്ച് ബിജെപി രംഗത്തെത്തി. ഇതിലെ ക്രൂരമായ തമാശയെന്തെന്നാല്‍ തെലങ്കാനയിലെ ഡെങ്കൂ മരണങ്ങള്‍ക്ക് കാരണം സര്‍ക്കാരിന്റെ അനാസ്ഥയാണെന്ന് ബിജെപി വക്താവ് കൃഷ്ണസാഗര്‍ കുറ്റപ്പെടുത്തി.

മുഖ്യമന്ത്രിക്ക് ഇതിന്റെ പകുതി സ്‌നേഹം സംസ്ഥാനത്തെ കുട്ടികളോടുണ്ടായിരുന്നെങ്കില്‍ ഇത്രയും കുട്ടികള്‍ ഡങ്കു ബാധിച്ച് മരിക്കില്ലായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ ഒരാഴ്ച മാത്രം ഏകദേശം 3000 പേരാണ് ഡങ്കു ബാധിച്ച് ചികിത്സ തേടിയത്. സര്‍ക്കാര്‍, സ്വകാര്യ ആശുപത്രികള്‍ രോഗികളെക്കൊണ്ട് നിറഞ്ഞിരിക്കുകയാണ്.

Top